സഹ്യന്റെ മടിത്തട്ടിൽ ഒരു ദിവസം: മീശപ്പുലിമലയിലേക്കൊരു യാത്ര
“It is not that we have a short time to live, but that we waste a good deal of it.”
ആരംഭം
ഗോവയിലെ ഉപ്പുകാറ്റടിക്കുന്ന തീരങ്ങൾക്കും കത്തുന്ന മെയ് മാസ വേനലിൽ വേവുന്ന കോട്ടയം പട്ടണത്തിന്നുമിടയിൽ ഏതാണ്ട് എഴുനൂറ് കിലോമീറ്ററുകൾ നീണ്ടുനിവർന്നു കിടപ്പുണ്ട്. പക്ഷേ രണ്ടു വ്യക്തികൾ തമ്മിലുള്ള അകലം നിശ്ചയിക്കുന്നത് കിലോമീറ്ററുകൾ അല്ലല്ലോ. അത് നിശ്ചയിക്കുന്നത് പങ്കിടുന്ന സമയങ്ങളും, ഉത്തരവാദിത്തങ്ങളും, അഭിനിവേശങ്ങളും ഒക്കെ അല്ലേ. ജോലിയുടെ ഭാഗമായി എനിക്ക് ഗോവയിൽ സ്ഥിരതാമസമാക്കേണ്ടി വന്നപ്പോൾ ഗായത്രിയുടെ ജോലി അവളെ തളച്ചത് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ക്ലാസ്സ് മുറികളിൽ ആയിരുന്നു. അവിടെ അദ്ധ്യാപനത്തിനും ഗവേഷണത്തിനും ഒപ്പം മൂന്നര വയസ്സുകാരി നന്നുവിന്റെ ലോകത്തിലെ കേന്ദ്രബിന്ദുവായിക്കൂടെ നിൽക്കുക എന്നത് ചില്ലറ കാര്യം ഒന്നും അല്ല. പരമാവധി ശേഷിയിൽ സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന യന്ത്രം ഇടയ്ക്ക് മെയിന്റനൻസ് സർവീസിനു കയറ്റുന്നതു പോലെയാണ് ഞങ്ങൾക്ക് ഇടയ്ക്ക് വീണുകിട്ടുന്നതും, ഒപ്പിച്ചെടുക്കുന്നതുമൊക്കെയായ അവധിദിനങ്ങളും ഒത്തുചേരലുകളും.
അങ്ങനെയുള്ള ഒരാഴ്ച്ചത്തെ അവധിയിൽ ഗായത്രിയും നന്നുവും ഗോവയിൽ എത്തിയ സമയത്താണു BootPaths-ന്റെ മീശപ്പുലിമല ട്രക്കിങ്ങിന്റെ പരസ്യം കണ്ണിൽപ്പെട്ടത്. ക്ഷീണം മാറ്റാൻ ഒരു മലകയറ്റമായാലോ എന്നു ഞാൻ മടിച്ചാണ് ചോദിച്ചത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോ ചെരുപ്പൂരി അടിച്ചേനെ!
പക്ഷേ, ഇത്തരം യാത്രകൾക്കു പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ പതിവ് ചക്രങ്ങളും, ദിനചര്യകളും ഒരു നിമിഷത്തേക്കെങ്കിലും തകർക്കുന്ന ഒരു “സർക്ക്യൂട്ട് ബ്രേക്കർ” പോലെ പ്രവർത്തിക്കാൻ സാധിക്കും. വീട്, ജോലി, ഉത്തരവാദിത്തങ്ങൾ.. യാന്ത്രികമായ ആവർത്തനവിരസതയിൽനിന്നും താത്കാലികമായ ഒരു രക്ഷപ്പെടൽ.
എന്നാൽ തീരുമാനം എന്റേതാവാൻ പാടില്ല. കാരണം, കാലങ്ങളായി അലട്ടുന്ന ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന 'തളർച്ചയും തലകറക്കവും' എന്ന പ്രഹേളികയുടെ ലേറ്റസ്റ്റ് ഡയഗ്നോസിസ് അറിഞ്ഞു തളർന്നു തലകറങ്ങി ഇരിക്കുകയായിരുന്നു ഗായത്രി. അതനുസരിച്ച് മൂന്നു മാരകമായ അസുഖങ്ങളാണ് അവളെ തലങ്ങും വിലങ്ങും പിടികൂടിയിരിക്കുന്നത്. “സർവിക്കൽ സ്പോണ്ടിലോസിസ്” എന്ന ഭീകരനാണ് ആദ്യത്തേത് - കഴുത്തിലെ അസ്ഥികൾ ക്രമേണ ക്ഷയിക്കുകയും അങ്ങനെ സുഷുമ്നയിൽ നിന്നും പുറപ്പെടുന്ന നാഡികൾക്കുള്ള സ്ഥലം ചുരുങ്ങി തല തിരിക്കുന്നതോ ഭാരം ചുമക്കുന്നതോ ഒക്കെ നീണ്ടുനിൽക്കുന്ന അസ്വസ്ഥതകൾക്കു കാരണമായേക്കാവുന്ന അവസ്ഥ. “വെസ്റ്റിബുലാർ ഡിസ്റ്റർബൻസ്” എന്നറിയപ്പെടുന്ന ഭീകരനാണ് രണ്ടാമൻ. നമ്മുടെ ശരീരത്തിന്റെ ജൈറോസ്കോപ്പായി പ്രവർത്തിക്കുന്ന “എൻഡോലിംഫ്” എന്ന ദ്രാവകം നിറഞ്ഞ ചെവിക്കുള്ളിലെ കനാലുകൾ തലച്ചോറിലേക്ക് തെറ്റായ സന്ദേശങ്ങൾ അയക്കുന്ന അവസ്ഥ. “വിറ്റമിൻ B12 ഡെഫിഷ്യൻസി” ആണ് മൂന്നാമൻ - ദീർഘകാലം വെജിറ്റേറിയൻ ആയിരുന്നതിന്റെ പരിണിതഫലം. B12 എന്ന വിറ്റമിൻ നമ്മുടെ നാഡികളുടെ സംരക്ഷണകവചമായ “മയിലിൻ” എന്ന പാളിയുടെ നിർമാണത്തിനു അത്യാവശ്യമുള്ള ഘടകമാണ്. അതിന്റെ കുറവ് നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കും, തലച്ചോറിൽ നിന്നും പേശികളിലേക്കുള്ള സന്ദേശങ്ങൾ മന്ദഗതിയിലാവും, അസാധാരണമായ ക്ഷീണവും, തളർച്ചയും അനുഭവപ്പെടും. ഇനി, ഇത് സപ്പ്ളിമെന്റ് എടുക്കാതെ ഉള്ളിൽ എത്തണമെങ്കിൽ മാംസാഹാരം മാത്രമേ വഴിയുള്ളൂ (ക്രോണിക് വെജിറ്റേറിയൻസ് ജാഗ്രതൈ!!! ).
പച്ചക്കറി മാത്രം കഴിക്കുന്ന ശീലം ഒഴിവാക്കി കുറച്ചു ചിക്കൻ ഒക്കെ കഴിക്കാൻ ഞാൻ ഇടയ്ക്ക് പറയാറുണ്ട്, പക്ഷേ പ്ലേറ്റിലെ ചിക്കൻ കാണുമ്പോൾ പണ്ടു വളർത്തിയ കോഴിക്കുഞ്ഞുങ്ങളെ ഓർമ്മവരും എന്നാണ് കക്ഷി പറയാറ്. ഇനി ബീഫ് കഴിക്കാൻ പറഞ്ഞാൽ പോത്ത് കുത്താൻ വരുന്നു എന്നു വല്ലോം തോന്നിയാലോ എന്നുകരുതി ഞാൻ നിർബന്ധിക്കാറില്ല. എന്തായാലും B12 ക്ഷാമം പരിഹരിക്കാൻ ഇപ്പോ സ്ഥിരമായി കുത്തിവെപ്പ് എടുക്കുന്നുണ്ട്. പിന്നെ ഓരോരോ പ്രതീക്ഷകൾ ആണല്ലോ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കാര്യങ്ങൾ അറിയാൻ വേണ്ടി ഗായത്രി ഫോൺ ചെയ്തപ്പോൾ കോഡിനേറ്റർ അഗിന ഒരു ലോഭവും ഇല്ലാതെ വാരിക്കോരി കൊടുത്തതും പ്രതീക്ഷയായിരുന്നു. അങ്ങനെ ആ പ്രതീക്ഷപ്പുറത്ത് ഞങ്ങൾ ട്രക്കിങ്ങിനു രജിസ്റ്റർ ചെയ്തു.
അവധി അവസാനിപ്പിച്ച് നന്നുവിനേം കൂട്ടി ഗോവയിൽനിന്നും കോട്ടയത്തെക്കുള്ള തീവണ്ടിയാത്ര പൂർത്തിയായപ്പോളേക്കും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ഒക്കെ പെട്ടിയിലായി, ശാരീരികക്ഷമതയുടെ യാധാർഥ്യം മുഖത്തുനോക്കി കൊഞ്ഞനംകുത്തി. നന്നുവിനെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടതിനൊപ്പം തളർച്ചയും തലകറക്കവും പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയതോടെ ഇടിവെട്ടിയവനെ പാമ്പും കൂടി കടിച്ച അവസ്ഥയിലായി. സ്വാഭാവികമായും ഈ അവസ്ഥയിൽ യുക്തിസഹമായ തീരുമാനം രജിസ്ട്രഷേൻ ക്യാൻസൽ ചെയ്യുക എന്നതാണ്. ഞാനും അതുതന്നെ പറഞ്ഞു, പക്ഷേ അഗിനയെ വിളിച്ചു നീ തന്നെ തീരുമാനം അറിയിക്കണം എന്നു ഞാൻ ആവശ്യപ്പെട്ടു.
ഞാനായിരുന്നെങ്കിൽ ആ ഒരു ഫോൺ കോളിൽ ഈ കഥ കഴിഞ്ഞേനെ. എന്നാൽ “BootPaths” ഗായത്രിയെ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല. മറുതലയ്ക്കൽ അഗിനയും ശേഷാദ്രിയും ചേർന്നു ഒരു മിനി കൌൺസിലിങ് സെഷൻ ഒരുക്കി. “ഇതിലിപ്പം പരമാവധി സംഭവിക്കാൻ പോവുന്നത് മരിച്ചുപോവുക എന്നതാണ്, അതെന്തായാലും ഇവിടെ സംഭവിക്കാൻ പോണില്ല..” - അഗിനയുടെ decatastrophizing കൃത്യമായിത്തന്നെ വർക്കായി. ഒപ്പം ബേസ് ക്യാമ്പ് വരെ ട്രക്കിംഗ് ഇല്ലാതെ തന്നെ എത്താനാവുമെന്നും, തീരെ വയ്യെങ്കിൽ അവിടെ ഇരുന്നു വിശ്രമിക്കാമെന്നും, മല കയറേണ്ട ആവശ്യം ഇല്ലന്നും പറഞ്ഞപ്പോൾ, എന്നാപ്പിന്നെ ഒന്നു ശ്രമിച്ചുകളയാം എന്നായി ഗായത്രി.
അങ്ങിനെ ആ ശനിയാഴ്ച രാവിലെ 10.30-ഓടു കൂടി ഞങ്ങൾ മൂന്നാറിലെ KFDC (Kerala Forest Development Corporation) ഓഫീസ്സിനു സമീപം ഒത്തുചേർന്നു. പശ്ചിമഘട്ടത്തിന്റെ കൊടുമുടികൾ ഒരു ദൃശ്യവിരുന്ന് എന്നതിനപ്പുറം ഒരു അതിപുരാതന കാലഘട്ടത്തിന്റെ ശേഷിപ്പുകൾ കൂടിയാണ്. ഹിമാലയത്തെക്കാൾ പ്രായംചെന്ന ഈ മലനിരകൾ ഏതാണ്ട് 150 ദശലക്ഷം വർഷങ്ങൾക്കപ്പുറം “ഗോണ്ട്വാന” എന്ന മഹാഭൂഖണ്ഡം പിളർന്നു ഇന്ത്യയുടെ പടിഞ്ഞാറേ തീരങ്ങൾ രൂപംകൊണ്ടതിനൊപ്പം ഉയർന്നുവന്നു എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ട സിദ്ധാന്തം. KFDC ഓഫീസ്സിൽ നിന്നും “സൈലൻറ് വാലി” (ഇതു പാലക്കാടുള്ള സൈലൻറ് വാലി നാഷണൽ പാർക്ക് അല്ല, മൂന്നാറിൽ നിന്നും കുറച്ചു കിഴക്കോട്ടു മാറികിടക്കുന്ന ഒരു ഒറ്റപ്പെട്ട തെയിലത്തോട്ട ഗ്രാമം) യിലേക്കുള്ള യാത്ര ടാർചെയ്ത റോഡിലൂടെ ഒരു സാധാരണ ജീപ്പ് റൈഡ് മാത്രമായിരുന്നു.
ഈ യാത്രയ്ക്കായി വെള്ളിയാഴ്ചയും അടുത്ത തിങ്കളാഴ്ചയും ചേർത്തു ഒരു ലോങ് വീക്കെൻഡ് ലീവ് തരപ്പെടുത്തിയിട്ടാണ് ഞാൻ ഗോവയിൽനിന്നും എത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റിക്കു വേനലവധി ആയതിനാൽ ട്രക്കിങ്ങിനു ശേഷം ഗായത്രിയേയും നന്നുവിനെയും കൂട്ടി ചൊവ്വാഴ്ച നേരം പുലരുന്നതിന്നു മുൻപ് തിരിച്ചു ഗോവ പിടിക്കേണ്ടത് എനിക്കു അത്യാവശ്യമായിരുന്നു. മുൻകൂട്ടി ടിക്കറ്റ് എടുത്തിട്ടില്ലാത്തതിനാൽ (അങ്ങനെ ഒരു ശീലം പണ്ടേ ഇല്ല.. ) ഞായറാഴ്ചത്തെ തത്കാൽ ബുക്കിങ്ങിനെ ആശ്രയിച്ചാണ് എല്ലാം. എന്നാൽ ഞങ്ങളുടെ കയ്യിൽ ഉള്ളത് സാറ്റലൈറ്റ് ഫോൺ ഒന്നും അല്ലെന്നും അതിൽ സ്റ്റാർലിങ്ക് നെറ്റ്വർക്ക് ഒന്നും കിട്ടില്ലെന്നുമുള്ള ബോധം വീണത് വണ്ടി KFDC ഓഫീസ് വിട്ടപ്പോളായിരുന്നു. ഗായത്രിയുടെ ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു, “ഉറപ്പൊന്നും ഇല്ല, ശ്രമിക്കാം” എന്നു ഏട്ടൻ (അതുപിന്നെ തത്കാൽ ടിക്കറ്റ് അല്ലേ.. ദൈവംതമ്പുരാനുപോലും ഒരു ഉറപ്പും പറയാൻ പറ്റില്ല).
വണ്ടി സൈലൻറ് വാലി എസ്റ്റേറ്റിലേക്കു കടന്നതോടെ ഫോണിലെ നെറ്റ്വർക്ക് ബാറുകൾ പൂർണമായും അപ്രത്യക്ഷമായി, അങ്ങനെ ഞങ്ങളെ സംബന്ധിച്ച് പുറം ലോകവുമായുള്ള എല്ലാ ബന്ധവും അറ്റു. അതോടൊപ്പം തത്കാലിനെ കുറിച്ചുള്ള ഉത്കണ്ഠയും, ചൊവ്വാഴ്ച മുതൽ മടങ്ങേണ്ട പതിവു ജീവിതചര്യകളും മറ്റും ഞങ്ങളുടെ മനസ്സിൽ നിന്നും അപ്രത്യക്ഷമായി.. കാരണം, ഞങ്ങൾക്കുമുന്നിൽ തെളിഞ്ഞ പ്രകൃതി ദൃശ്യങ്ങൾ അത്രമേൽ മനോഹരമായിരുന്നു. സഹ്യപർവത ശിഖരങ്ങൾ അതിരുകാക്കുന്ന ചെറിയൊരു കുടിയേറ്റ ഗ്രാമം. മരതകപട്ടുവിരിച്ചതുപോലെ ഒരു ഫുട്ബോൾ മൈതാനം, ഏക്കറുകണക്കിനു പരന്നു കിടക്കുന്ന പുൽത്തകിടികൾ. ആ പച്ച പുതച്ച അനന്തതയെ രണ്ടായി പകുത്തുകൊണ്ടു കടന്നുപോവുന്ന പൈൻ മരങ്ങൾ അതിരിടുന്ന ഒരു ഒറ്റവരിപ്പാത. ആ പാത ചെന്നു നിലക്കുന്നതാവട്ടെ കഴിഞ്ഞുപോയ നൂറ്റാണ്ടിൽനിന്നും പറിച്ചു വെച്ചതുപോലെ തോന്നിക്കുന്ന ഒരു ചായക്കടയുടെ മുന്നിലും.
നഗരത്തിൽ നിന്നും വരുന്ന സാധാരണ പ്രിവിലേജ്ഡ് വ്യക്തികളെ പോലെ ഞാനും ആ മൈതാനത്തു കളിച്ചുവളരാൻ ഭാഗ്യം ലഭിച്ച കുട്ടികളെക്കുറിച്ചു കാല്പനികവിഡ്ഡിത്തങ്ങൾ സങ്കൽപ്പിച്ചുകൂട്ടുകയും അസൂയാലുവാകുകയും ചെയ്തു. രണ്ടു ദിവസത്തേക്ക് പുറംലോകത്തുനിന്നും ഉള്ള ഒറ്റപ്പെടൽ ആസ്വദിക്കാൻ എത്തിയവന് അതേ ഒറ്റപ്പെടൽ സ്ഥിരം അനുഭവിക്കുന്ന ആൾക്കാരുടെ മാനസ്സികാവസ്ഥയും, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുമായി ദൈനംദിനം ഇടപഴകേണ്ടിവരുന്നതിലെ അപകടവും മറ്റും ഉൾക്കൊള്ളുക അത്ര എളുപ്പമല്ലല്ലോ. അല്ലെങ്കിലും വന്നതുപോലെ തിരികെ പോവാനും അവസരം ഉള്ളവർക്കല്ലേ കാടിനെ ആസ്വദിക്കാൻ സാധിക്കൂ. അല്പസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ ജീപ്പിൽ മീശപ്പുലിമല ബേസ് ക്യാമ്പിലേക്കുള്ള യാത്ര തുടർന്നു. ടാർ റോഡ്, കല്ലുപാകിയ വഴിയായും, പിന്നീട് കല്ലും, കുഴിയും നിറഞ്ഞ ചെമ്മൺപാതയായും പരിണമിച്ചു. അങ്ങനെ മനുഷ്യ വംശത്തേക്കാൾ പഴക്കമുള്ള ഒരു പരിസ്ഥിതിവ്യവസ്ഥയിലേക്ക് – സഹ്യന്റെ ശോല വനങ്ങളിലേക്ക് – ഞങ്ങൾ പ്രവേശിച്ചു.
ചോരകുടിക്കുന്ന അട്ടകളും കൂടാരത്തിലെ രാത്രിയും
ജീപ്പിന്റെ എഞ്ചിൻ നിശ്ചലമായപ്പോൾ ഞങ്ങൾ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6000 അടി ഉയരത്തിലുള്ള മീശപ്പുലിമല ബേസ് ക്യാമ്പിനുമുന്നിൽ എത്തിയിരുന്നു. ഇന്നു രാത്രി കഴിച്ചു കൂട്ടേണ്ടത് ഇവിടുള്ള കൂടാരങ്ങളിലാണ്. ചുറ്റുമുള്ള പച്ചപ്പിൽ നിന്നും തെറിച്ചു നിൽക്കുന്ന ശോണവർണ്ണമാർന്ന കൂടാരങ്ങൾ 30 എണ്ണമുണ്ട് ഇവിടെ – ഒന്നിൽ 2 ആളുവെച്ച് പരമാവധി 60 പേർക്ക് ഒരു രാത്രി ഇവിടെ തങ്ങാം. ഫോണും ക്യാമറയും മറ്റും ചാർജ്ജ് ചെയ്യാനുള്ള പരിമിതമായ സൌകര്യവും ഇവിടെ ഉണ്ട് (ജനറേറ്റർ ആണ്, ദിവസം 2 തവണയായി പരമാവധി 4-5 മണിക്കൂർ പവർ സപ്ലെ ഉണ്ടാവും). ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദവും വായുവിന്റെ ഘനവും കുറയുമെന്നാണല്ലോ.. അപ്പോൾ സ്വാഭാവികമായും ഓരോ ശ്വാസത്തിലും നമ്മുടെ ഉള്ളിലേക്കെത്തുന്ന ഓക്സിജന്റെ അളവിലും കുറവുണ്ടാകും. സാധാരണഗതിയിൽ ഈ ഉയരത്തിൽ നമുക്കിത് അനുഭവപ്പെടാൻ സാധ്യത കുറവാണ്, എന്നാൽ ആയാസമുള്ള എന്തെങ്കിലും പണി എടുക്കാൻ ഇറങ്ങിയാൽ കളി മാറും.
ഉച്ചഭക്ഷണത്തിനും ഹ്രസ്വമായൊരു വിശ്രമത്തിനും ശേഷം ഞങ്ങളുടെ ആദ്യത്തെ പരീക്ഷണം ആരംഭിച്ചു. ശോലവനങ്ങളിലൂടെ കുറിഞ്ഞി വാലി വെള്ളച്ചാട്ടത്തിലേക്കു ഒരു ചെറിയ ഹൈക് – ഒരു അക്ലൈമറ്റൈസേഷൻ ആക്ടിവിറ്റി എന്നും കൂട്ടാം. “വഴിയിൽ അട്ടകളുണ്ട്, ഉപ്പോ സാനിറ്റൈസറോ കയ്യിൽ കരുതണം..” തലേന്നും അവിടെ ക്യാമ്പ് ചെയ്യുകയായിരുന്ന ശേഷാദ്രിയുടെ മുന്നറിയിപ്പ് ആശങ്കയുളവാക്കുന്നതായിരുന്നുവെങ്കിലും ഞങ്ങളെ സംബന്ധിച്ചു ഭയപ്പെടുത്തുന്നതായിരുന്നില്ല. ശോല വനങ്ങളുടെ നിലം സ്ഥിരമായി ഈർപ്പം നിറഞ്ഞതും, തിങ്ങിവളരുന്ന വൃക്ഷത്തലപ്പുകളുടെ നിഴലിലായതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്തതുമാണ് – അട്ടകൾക്കു തഴച്ചുവളരാൻ പറ്റിയ ആവാസവ്യവസ്ഥ.
കയറ്റം ലേശം കടുത്തപ്പോൾ ഗായത്രിയുടെ ശ്വാസഗതിയും കടുത്തു. പേശികളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഹൃദയം പണിപ്പെടാൻ തുടങ്ങി, ചുവടുകളുടെ വേഗത കുറഞ്ഞു, ഞങ്ങൾ ഏറ്റവും പിന്നിലായി. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളെക്കാൾ അവളെ അലട്ടിയത് മറ്റുള്ളവർ തനിക്കുവേണ്ടി കാത്തുനിൽക്കേണ്ടിവരുമോ എന്ന ചിന്തയായിരുന്നു. അതിനാൽ ഒരു കയറ്റം അവസാനിക്കുമ്പോൾ മറ്റുള്ളവർക്കൊപ്പം എത്താനായി ഓടിച്ചാടി പോയിട്ട് അടുത്ത കയറ്റമെത്തുമ്പോൾ കിതച്ചുതളർന്നു നിൽക്കുന്ന അവസ്ഥയിലെത്തി. ഏറ്റവും പിന്നിൽ വാക്കി-ടോക്കി ഒക്കെയായി സ്വീപ്പർ റോളിൽ അഗിന ഉള്ളതായിരുന്നു ഒരു ആശ്വാസം, അട്ടകളെ സഹിക്കാം കുറച്ചു ചോര കുടിച്ചിട്ടു പൊയ്ക്കോളും, ഇനി വഴി തെറ്റി വല്ല കരടിയുടേം മുന്നിൽ പെട്ടാൽ അതല്ലല്ലോ അവസ്ഥ.
ഗായത്രി ആവേശം കാണിക്കുമ്പോളൊക്കെ, ധൃതി കൂട്ടണ്ട അവിടെ ബിരിയാണി വിതരണം ഒന്നും നടക്കുന്നില്ല എന്നു അഗിന ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. കുത്തനെ ഉള്ള ഇറക്കങ്ങളിൽ കൂടുതൽ ഗ്രിപ്പു ലഭിക്കുന്നതിനായും, കാൽമുട്ടുകളിലെ ആയാസം കുറയ്ക്കുന്നതിനായും വശം തിരിഞ്ഞു ഇറങ്ങേണ്ടത് എങ്ങിനെയെന്നും അഗിന ഗായത്രിയെ പഠിപ്പിച്ചു. പുൽക്കൊടിത്തുമ്പുകളിലും പാറപ്പുറത്തും മറ്റും നിവർന്നു നിൽക്കുന്ന ചെറിയ കറുത്ത മാംസത്തുണ്ടുകൾ അപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് – അട്ടകൾ. നമ്മുടെ ശരീരത്തിന്റെ ചൂടും നിശ്വാസത്തിലെ കാർബൺ ഡയോക്സൈഡും തിരിച്ചറിയുന്ന അവ അവസരം കിട്ടുന്ന മുറയ്ക്ക് ബൂട്ടുകൾ വഴി മുകളിലേക്ക് അരിച്ചരിച്ച് കയറും. “നിൽക്കരുത്, നിന്നാൽ അവയ്ക്ക് കാര്യങ്ങൾ എളുപ്പമാവും, മെല്ലെ മതി, പക്ഷേ നടന്നുകൊണ്ടിരിക്കണം..” അഗിന വീണ്ടും ഓർമ്മിപ്പിച്ചു. ആഹാ.. എത്ര മനോഹരമായ മെറ്റഫർ - ജീവിതത്തിൽ പ്രതിസന്ധികളെ മറികടക്കുവാൻ ചെറുതെങ്കിലും നിരന്തരമായ ചലനം അല്ലാതെ മറ്റെന്തുവഴി!!! – എന്തായാലും ഇവിടെ വരെ വന്നതു വേസ്റ്റായില്ല.
അതിനിടയിൽ ചെറിയ മഴ ചാറ്റൽ ആരംഭിച്ചു, മലമടക്കുകളിലൂടെ കോടമഞ്ഞ് ഇറങ്ങി വരുന്നതും ഞങ്ങൾക്കു കാണാമായിരുന്നു. എന്തായാലും, അധികം വൈകാതെ പാറക്കെട്ടുകളിൽ വെള്ളം വന്നലയ്ക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു - കുറിഞ്ഞി വാലി വെള്ളച്ചാട്ടം. വേനലിന്റെ മൂർധന്യത്തിൽ മെലിഞ്ഞുണങ്ങി മൃതപ്രായ ആയിരുന്നെങ്കിലും വെള്ളത്തിനു അതിതീവ്രമായ തണുപ്പായിരുന്നു. പലരും മരവിപ്പിക്കുന്ന തണുപ്പിനെ വകവെയ്ക്കാതെ ആ വെള്ളത്തിൽ ഇറങ്ങി കുളിച്ചു. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പതിനഞ്ചു വയസ്സുകാരൻ ആൽഫി മത്സ്യം കണക്കെ ആ വെള്ളത്തിൽ ഊളിയിടുന്നത് തെല്ലു കൌതുകത്തോടെ തന്നെ ഞങ്ങൾ നോക്കിനിന്നു. ആ തണുത്ത കാറ്റും, മഞ്ഞും, ശുദ്ധവായുവും ഒക്കെ ആസ്വദിച്ചു കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു.
തിരിച്ചു ബേസ് ക്യാമ്പിലേക്കു നടന്നു തുടങ്ങിയപ്പോൾ തന്നെ ഗായത്രിയുടെ കാൽമുട്ടുകൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും വീണ്ടും ഞങ്ങൾ ഏറ്റവും പിന്നിലാവുകയും ചെയ്തു. ഇത്തവണ അഗിനയ്ക്കൊപ്പം ബേസ് ക്യാമ്പിലേ ലോക്കൽ ഗൈഡായ പോൾസൺ എന്ന പയ്യനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. പെട്ടെന്നാണ് അകലെനിന്നും വൃക്ഷത്തലപ്പുകൾ ആടിയുലയുന്ന ശബ്ദം കേട്ടത്. ക്രമേണ ആ ശബ്ദം അടുത്തടുത്തു വരുന്നത് ഞങ്ങൾ അറിഞ്ഞു. കാറ്റല്ല, ഭാരമുള്ള ഏതോ ജീവി വൃക്ഷത്തലപ്പുകളിലൂടെ സഞ്ചരിക്കുകയാണ്. ഞങ്ങൾ ശബ്ദം കേട്ട ദിശയിലേക്കു ദൃഷ്ടികളൂന്നി അനങ്ങാതെ നിന്നു. പോൾസൺ ആണ് ആദ്യം കണ്ടത്, “കരിങ്കുരങ്ങ്.. ” മുകളിലേക്ക് വിരൽ ചൂണ്ടി അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
കറുത്ത് മിനുസ്സമാർന്ന രോമങ്ങൾ നിറഞ്ഞ ശരീരവും, തലയ്ക്കു ചുറ്റും ചാര നിറത്തിലുള്ള സടയും ഉള്ള ഇവ പശ്ചിമഘട്ടത്തിന്റെ തെക്കൻ മലകളിൽ മാത്രം കാണപ്പെടുന്ന കുരങ്ങുവർഗ്ഗമാണ് (Nilgiri langur). മറ്റു ഇന്ത്യൻ കുരങ്ങുകളെ അപേക്ഷിച്ചു മനുഷ്യർക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ സ്വതവേ മടിയുള്ളവരും, പരമാവധി ഉൾക്കാടുകളിൽ വസിക്കുന്നവരുമാണിക്കൂട്ടർ. അവർ രണ്ടുപേരുണ്ടായിരുന്നു, അതിശയിപ്പിക്കുന്ന വേഗതയിൽ ഒരു കൊമ്പിൽ നിന്നും അടുത്ത കൊമ്പിലേക്ക് അനായാസമായി ചാടി നീങ്ങുന്നു. ഏകദേശം 50-വാര അകലെ എത്തിയപ്പോൾ അവ ഞങ്ങൾ നിൽക്കുന്നിടത്തേക്ക് ഒരു നിമിഷം ഉറ്റുനോക്കുകയും ഉടൻതന്നെ ദിശമാറി താഴ്വരയിലെ മൂടൽമഞ്ഞിലേക്കു അപ്രത്യക്ഷരാവുകയും ചെയ്തു.
ഞങ്ങൾ മെല്ലെ നടത്തം തുടർന്നു. ഇടയ്ക്ക് വഴിയരികിൽ ചുവന്ന നിറത്തിലുള്ള റോഡോഡെൻഡ്രോൺ (Rhododendron arboreum var. nilagiricum) പൂക്കൾ അഗിന കാട്ടിത്തന്നു. ഹിമാലയത്തിനു തെക്ക് കാണപ്പെടുന്ന ഒരേയൊരു റോഡോഡെൻഡ്രോൺ വർഗ്ഗമാണിവ. പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപെപ്പോഴോ ഒരു ഹിമയുഗ (ice age) കാലഘട്ടത്തിലാണ് ഇവ പശ്ചിമഘട്ടത്തിൽ എത്തിപ്പെട്ടത് എന്നു കരുതപ്പെടുന്നു. പാറപ്പുറത്തും മരത്തടിയിലും മറ്റും ധാരാളമായി കാണപ്പെട്ട ലൈക്കനുകൾ പ്രദേശത്തെ തരിമ്പും മാലിന്യം കലരാത്ത അന്തരീക്ഷവായുവിന്റെ സാക്ഷ്യപത്രം ആയിരുന്നു.
ഇടയ്ക്ക് താഴ്വരയിലൂടെ കോടമഞ്ഞ് ഒഴുകിപ്പരക്കുന്ന ദൃശ്യം ക്യാമറയിൽ പകർത്താൻ നിന്നപ്പോഴാണ് പോൾസൺ തന്റെ കഥ പറഞ്ഞത്. അടിമാലി സ്വദേശിയായ അവൻ സ്റ്റേറ്റ് ലെവൽ വരെ എത്തിയ ഒരു ഫുട്ബോൾ കളിക്കാരൻ ആയിരുന്നു. സ്പോർട്സ് ക്വാട്ടയിലാണ് അവന് കോളേജിൽ അഡ്മിഷൻ ലഭിച്ചത് – ആ കാട്ടുമുക്കിൽ നിന്നും പുറംലോകത്തേക്കുള്ള അവന്റെ ആദ്യ ടിക്കറ്റ്. എന്നാൽ ഒരു മത്സരത്തിനിടയിൽ ഹെഡർ എടുക്കാൻ ചാടിയ അവൻ നിലതെറ്റി നടുവുംകുത്തി വീണത് സഹകളിക്കാരന്റെ കാൽമുട്ടിലേക്കായിരുന്നു. അങ്ങനെ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റതോടെ അവന്റെ ഫുട്ബോൾ കരിയർ അവസാനിച്ചു. സ്പോർട്സ് ക്വാട്ടയിൽ വന്നതുകൊണ്ട്, കളിക്കാൻ കഴിയാത്തവന് പഠനം തുടരാൻ വകുപ്പില്ലെന്നത്രെ സ്പോർട്സ് കൌൺസിൽ തീരുമാനിച്ചത്. അങ്ങിനെ ആ നെറികെട്ട സിസ്റ്റം അവന്റെ പുറംലോകത്തേക്കുള്ള ടിക്കറ്റ് തിരിച്ചു വാങ്ങുകയും കോളേജിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. നട്ടെല്ലിനേറ്റ ക്ഷതം പരിഹരിക്കാനുള്ള പലവിധ ചികിത്സകൾക്കു ശേഷം ഈ കാട്ടുവഴികളിൽ ഗൈഡായി ജോലി ചെയ്യുന്നു. തന്റെ ഇരുപതുകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞ അവന്റെ ചിരിച്ച മുഖത്തുനിന്നും നേരിട്ട നീതികേടിന്റെ യഥാർഥ മാനങ്ങൾ എത്രത്തോളം അവൻ ഉൾക്കൊണ്ടിട്ടുണ്ട് എന്നു എനിക്ക് വായിച്ചെടുക്കാൻ സാധിച്ചില്ല.
ബേസ് ക്യാമ്പിൽ തിരിച്ചെത്തി കട്ടൻ ചായയ്ക്കും ചെറിയൊരു വിശ്രമത്തിനുമപ്പുറം ശേഷാദ്രി എല്ലാവരേയും വിളിച്ചുകൂട്ടി. അപ്പോഴാണ് പാന്റ്സിനുള്ളിൽ ഇടത്തെ കണങ്കാലിനു മുകളിലായി നനവുള്ള സ്പോഞ്ച് പോലെ എന്തോ ചലിക്കുന്നതായി എനിക്കു തോന്നിയത്. പുറത്തേക്കിറങ്ങി ഷൂസും സോക്സും ഒക്കെ അഴിച്ചു പരിശോധിച്ചപ്പോൾ 4-5 അട്ടകൾ ഉണ്ടായിരുന്നു, ഭാഗ്യത്തിനു ഒന്നു മാത്രമേ രുധിരപാനം ആരംഭിച്ചിരുന്നുള്ളൂ, എല്ലാത്തിനെയും പറിച്ചെറിഞ്ഞു കാലുമുഴുവൻ സാനിറ്റൈസറും പൂശി ഞാൻ തിരിച്ചെത്തുമ്പോൾ “അല്ലെങ്കിലും അട്ടക്ക് കെട്ട ചോരയാണിഷ്ടം..” എന്നു പറഞ്ഞു ചിരിക്കുന്നു ഗായത്രി. “ഹും.. ഒരടി നടക്കാൻ വയ്യെങ്കിലും അഹങ്കാരത്തിനു ഒരു കുറവുമില്ല.. ” എന്നു ഞാനും തിരിച്ചടിച്ചു.
തുടർന്നു ഞങ്ങളുടെ ഐസ് ബ്രേക്കിങ് സെഷൻ ആരംഭിച്ചപ്പോൾ അപരിചിതരുടെ ഒരു സംഘത്തെ സരസമായി കൂട്ടിയിണക്കാനുള്ള മികച്ച പ്രായോഗിക പാടവം ശേഷാദ്രിക്കുണ്ടായിരുന്നു. എല്ലാവരും സ്വയം പരിചയപ്പെടുത്തുന്നതിനൊപ്പം മുന്നേ പരിചയപ്പെടുത്തിയ എല്ലാവരുടെയും പേരും പറയണം എന്നതായിരുന്നു ടാസ്ക്. തെറ്റിച്ചാൽ ട്രൂത്ത് ഓർ ഡെയർ (Truth or Dare). അല്പ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ 18 പേരും പരസ്പരം പേരുവിളിക്കാൻ തക്ക പരിചയക്കാരായി. പലരും പല കൌതുകകഥകളും അവിടെ പങ്കുവെച്ചു. പണ്ട് ട്രെക്കിംഗിനെ പറ്റി ഒരു ധാരണയും ഇല്ലാതെ അഗസ്ത്യാർകൂടം കയറാൻ പോയതും കഷ്ടപ്പെട്ടു തിരിച്ചിറങ്ങിയതും വിപിന രസകരമായി വിവരിച്ചപ്പോൾ, “എന്നാപ്പിന്നെ നാളെ മീശപ്പുലിമല രണ്ടുവട്ടം കയറിയിട്ടുതന്നെ കാര്യം..” എന്നെങ്ങാനും ഗായത്രി നിശ്ചയിച്ചോ എന്നു ഞാൻ ഭയന്നു. ഷിജു ബാലഗോപാലൻ തന്റെ ഒരു ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാൻ ക്രൌഡ് ഫണ്ടിങ് വഴി ഒരു സിനിമ എടുത്തതും അത് പിന്നീട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും മറ്റൊരു പ്രചോദിപ്പിക്കുന്ന അനുഭവവിവരണം ആയിരുന്നു.
കഥകൾ അവസാനിച്ചു അന്താക്ഷരി മത്സരം തുടങ്ങിയപ്പോൾ സ്വതവേ സംഗീത വാസനയുള്ള, തലച്ചോറിനുള്ളിൽ ഒരു പാട്ടുപുസ്തകവുമായി നടക്കുന്ന ഗായത്രി ഫുൾ ഫോമിലേക്കെത്തി. ക്യാമ്പ് ഫയറിനു വട്ടത്തിൽ പാട്ടും തമാശകളും നിറഞ്ഞപ്പോൾ പാട്ടുപാടാൻ പോയിട്ട് ഒരു വരി പോലും ഓർത്തെടുക്കാൻ അറിയാത്ത ഞാൻ ആസ്വാദകനായി ഒതുങ്ങി.
രാത്രി ഏതാണ്ട് 8.30 -ഓടുകൂടി വിശപ്പു വയറ്റിൽ കിടന്നു മുറവിളി കൂട്ടിയതിനാൽ ഞങ്ങൾ ക്യാമ്പ് ഫയർ അവസാനിപ്പിച്ചു അത്താഴം കഴിക്കുവാൻ പോയി. ഭക്ഷണം കഴിഞ്ഞു കിടക്കുന്നതിനു മുൻപ് ഒന്നു ടോയിലറ്റിൽ പോയില്ലെങ്കിൽ എങ്ങനെ ശരിയാവും... എന്നാൽ ഞാനുംകൂടി വരുന്നു എന്നായി ഗായത്രി. കൂടാരങ്ങൾ അടിച്ചിരിക്കുന്ന സ്ഥലത്തുനിന്നും കുറച്ചു വിട്ടുമാറിയാണ് ടോയിലറ്റ് ബ്ലോക്ക്. അങ്ങിനെ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ മുന്നിലും ഗായത്രി പിന്നിലുമായി ടോയിലറ്റ് ലക്ഷ്യമാക്കി നടന്നു. പെട്ടെന്നാണ് ഞാൻ പിന്നിൽ നിന്നും ഒരു നിലവിളിശബ്ദം കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ പാടത്തെ കോലം കണക്കെ സ്തംഭിച്ചു ഭയന്നു വിറങ്ങലിച്ച് നിൽക്കുന്നു ഗായത്രി, “പാമ്പ്.. പാമ്പ് ” എന്നോ മറ്റോ പറയുന്നുണ്ട്. ഞാൻ തിരിഞ്ഞു കയ്യിലുണ്ടായിരുന്ന വെളിച്ചം വട്ടം ചുഴറ്റി നോക്കിയെങ്കിലും ഒന്നും കണ്ടില്ല (കണ്ടിരുന്നെങ്കിൽ ഞാനും പേടിച്ചേനെ, എന്തു ചെയ്യാനാ, ഒന്നു പേടിക്കാൻ ഉള്ള അവസരം കൂടി തന്നില്ല ‘ബ്ലഡീ സ്നേയ്ക്ക്’, കടന്നുകളഞ്ഞു!). പക്ഷേ പറഞ്ഞിട്ടു കാര്യമില്ല കക്ഷിയുടെ വിറയൽ മാറാൻ തന്നെ കുറച്ചു സമയം എടുത്തു. എന്തായാലും വേഗത്തിൽ കാര്യങ്ങളൊക്കെ സാധിച്ചു ഞങ്ങൾ തിരിച്ചു ടെന്റിലെത്തി.
എന്നെക്കൊണ്ട് ആദ്യം ടെന്റ് തുറപ്പിച്ച് ഉള്ളിൽക്കയറ്റി, ടെന്റിന്റെ മുക്കും മൂലയും തറവിരിപ്പ് വരെ പൊക്കി നോക്കി പാമ്പില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അവൾക്കു സമാധാനം ആയത്. തുടർന്നു സ്ലീപ്പിങ്ങ് ബാഗിനുള്ളിലേക്കു കയറുന്നതിനു മുന്നോടിയായി ഷൂസും സോക്സും അഴിച്ചു മാറ്റിയപ്പോളാണ് അത് ശ്രദ്ധയിൽ പെട്ടത്, ഗായത്രിയുടെ വലത്തെ പാദത്തിൽ വൃത്താകൃതിയിൽ കനത്ത രക്തക്കറ. ചോര കുടിച്ചു മതിയായ അട്ട വഴിയിലെവിടെയോ ഇറങ്ങിപ്പോയിരിക്കുന്നു, എന്നാൽ കടിവായിൽ ഇവ പ്രയോഗിക്കുന്ന 'ഹിരുഡിൻ' എന്ന രാസവസ്തു കാരണം രക്തം കട്ടപിടിക്കുകയില്ല, അതങ്ങനേ ഒഴുകിക്കൊണ്ടിരിക്കും. എന്തു മറിമായമാണോ എന്തോ.. കുറച്ചു മുൻപു കണ്ട പേടിയൊന്നും ഇപ്പോ സ്വന്തം കാലിൽ നിന്നും ചോര ഒലിക്കുന്നത് കണ്ടിട്ടും ഗായത്രിയുടെ മുഖത്തുണ്ടായിരുന്നില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൾ അതിനു മുകളിൽ സാനിറ്റൈസർ സ്പ്രേ അടിച്ച് സ്ലീപ്പിംഗ് ബാഗിലേക്ക് കയറിക്കിടന്നു.
സഹ്യന്റെ പുൽമേടുകളിലൂടെ മീശപ്പുലിമലയിലേക്ക്
പിറ്റേന്നു പുലർച്ചെ 4.30 ഓടെ ഞങ്ങൾ ഉണർന്നു. സഹ്യന്റെ മടിത്തട്ടിൽ പുലരികൾക്ക് മെയ് മാസ വേനലിന്റെ മധ്യത്തിലും മരവിപ്പിക്കുന്ന തണുപ്പായിരിക്കുമെന്ന് അന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. പുറത്തിറങ്ങി നോക്കുമ്പോൾ ടെന്റും ചുറ്റുപാടുമൊക്കെ നനഞ്ഞു കുതിർന്നിട്ടുണ്ട്, മഞ്ഞാണോ മഴയാണോ എന്നു മനസ്സിലായില്ല. രാത്രി ബോധംകെട്ടുറങ്ങിയതുകൊണ്ടു മഴ പോയിട്ട് വെടിക്കെട്ട് നടന്നാൽ കൂടി അറിയാൻ ഒരു സാധ്യതയും ഇല്ലായിരുന്നു. തലേന്നത്തെ അധ്വാനം അപ്പോഴേക്കും ഗായത്രിയുടെ കാൽമുട്ടുകളിൽ വേദനയായി രൂപാന്തരം പ്രാപിച്ചിരുന്നു. “നീ സപ്പോർട്ട് ക്യാപ്പുകൾ” എടുക്കാൻ മറന്നുവല്ലോ എന്നവൾ പരിഭവിച്ചു. സത്യം പറഞ്ഞാൽ തിരക്കിട്ട് ബാഗ് പാക്ക് ചെയ്യുമ്പോൾ ഞാൻ അതേപ്പറ്റി ഓർത്തതേ ഇല്ലായിരുന്നു. എന്തായാലും ആ ചെറിയ ഇലാസ്റ്റിക്ക് ബാൻഡിന്റെ അസാന്നിധ്യം ഇന്നത്തെ മലകയറ്റം കൂടുതൽ ദുഷ്കരമാക്കുമെന്ന് ഉറപ്പായിരുന്നു. എങ്കിലും`ഇവിടെവരെ എത്തിയ സ്ഥിതിക്ക് ഇനി മല കയറുകതന്നെ എന്നവൾ ഉറപ്പിച്ചു പറഞ്ഞു.
അങ്ങിനെ രാവിലത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനും ശേഷം ഞങ്ങൾ വീണ്ടും ജീപ്പിൽ കയറി. അപ്പോഴും കിഴക്ക് വെള്ളകീറിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ‘റോഡോ മാൻഷൻ' എന്നറിയപ്പെടുന്ന ഫോറസ്റ്റ് കോട്ടേജിലേക്കായിരുന്നു ആ യാത്ര. അതെന്തു മാൻഷൻ എന്നു നെറ്റി ചുളിക്കേണ്ട, നേരത്തേ പറഞ്ഞ റോഡോഡെൻഡ്രോൺ സസ്യങ്ങളാണ് ആ താഴ്വരയ്ക്കും കോട്ടേജിനുമൊക്കെ റോഡോ എന്ന പേരു നൽകിയത്. ഏകദേശം ആറു കിലോമീറ്ററോളം കാട്ടുവഴികളിലൂടെ കുലുങ്ങിത്തെറിച്ചുള്ള യാത്രയായിരുന്നു. മാൻഷനിൽ ജീപ്പിറങ്ങി സൺറൈസ് പോയിന്റിലേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ ഭൂപ്രകൃതി പൂർണ്ണമായും മാറി. തലേന്നു കണ്ട അട്ടകൾ നിറഞ്ഞ, ഇരുണ്ട ശോല വനങ്ങൾക്കു പകരം ആളു പാറിപ്പോകും വണ്ണം കാറ്റടിക്കുന്ന, വിശാലമായ പുൽമേടുകളിലേക്ക് ഞങ്ങൾ പ്രവേശിച്ചു.
അതിശൈത്യവും, നിരന്തരം വീശിയടിക്കുന്ന കാറ്റും കാരണം വലിയ മരങ്ങൾക്ക് ഇവിടെ പിടിച്ചു നിൽക്കാനാവില്ല. കോടിക്കണക്കിനു വർഷങ്ങളുടെ മഞ്ഞും വെയിലും കാറ്റും തട്ടി സഹ്യന്റെ ‘പ്രീ-കേംബ്രിയൻ’ (സ്വല്പം ജിയോളജി പഠിച്ചതുകൊണ്ടു ഇങ്ങനെ പല കടിച്ചാൽ പൊട്ടാത്ത വാക്കും വായിൽ വരും, ക്ഷമിക്കണം! പഴയ റോമൻ കേംബ്രിയയിൽ - ഇന്നത്തെ വെയ്ൽസിൽ, ഉള്ള പാറകളെക്കാൾ പഴക്കമുള്ള പാറകൾ എന്നേ അർഥമുള്ളൂ, അതായത് ഏതാണ്ട് 54 കോടി വർഷങ്ങൾക്കു മുകളിൽ പ്രായം) പാറകൾ ക്ഷയിക്കുമ്പോൾ ഉണ്ടാവുന്ന ദുർബലമായ മേൽമണ്ണിൽ നിന്നും സിലിക്ക (SiO2 - നമ്മൾ കണ്ണാടിച്ചില്ലുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തു) വലിച്ചെടുത്തു തങ്ങളുടെ നീണ്ട നാമ്പുകളിൽ കടുപ്പമുള്ള അരം നിർമ്മിച്ചു കാറ്റിനനുസരിച്ച് എങ്ങോട്ടും വളയാൻ തയ്യാറായി നിൽക്കുന്ന പുൽക്കൊടികൾക്കു മാത്രമേ ഇവിടെ പിടിച്ചു നിൽക്കുവാൻ സാധിക്കൂ.
നടവഴിയിൽ പല സ്ഥലത്തും മഴയിലും മഞ്ഞിലും കുഴഞ്ഞ വഴുക്കുന്ന ചെളിയുണ്ട്, കട്ടിയുള്ള പ്രദേശങ്ങളിൽ പാറ പൊടിഞ്ഞ ചരലും. ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നടന്നു കയറിയ കുന്ന് നമ്മൾ ഉരുണ്ടിറങ്ങിയെന്നു വരും. കാൽമുട്ടുകളിലെ വേദനക്കൊപ്പം, കുന്നുകയറുന്ന ആയാസവും, ഓക്സിജന്റെ കുറവും കൂടി ആയപ്പോൾ ഗായത്രി കിതച്ചു തുടങ്ങി. വീണ്ടും ഞങ്ങൾ ഏറ്റവും പിന്നിലായി, പക്ഷേ ഇത്തവണ ശേഷാദ്രി ആയിരുന്നു മോട്ടിവേഷനുമായി സ്വീപ്പർ റോളിൽ ഞങ്ങൾക്കൊപ്പം. ഇതിനിടെ പയ്യൻ ആൽഫിയുടെ കയ്യിൽ നിന്നും ഒരു ട്രെക്കിംഗ് പോൾ ഗായത്രി കടംവാങ്ങിയിരുന്നു. വടികുത്തി നടക്കേണ്ടത് എങ്ങിനെയന്നു വിശദീകരിക്കുവാൻ ഞാൻ കുറേ ശ്രമിച്ചെങ്കിലും, വീഴുമെന്നു തോന്നിയപ്പോഴൊക്കെ അവൾ കയ്യിലുള്ള പോൾ ഉയർത്തിപ്പിടിച്ച് മറ്റേ കൈകൊണ്ട് എന്നെ പിടിക്കുവാനാഞ്ഞു. എന്നാൽ, ഇടയക്കെപ്പോഴോ ഞാൻ ഫോട്ടോ എടുക്കുവാൻ നിന്ന സമയത്തു മുന്നിലേക്കു കയറിപ്പോയ ഗായത്രിയുടെ ‘മോട്ടോർ കോർട്ടെക്സ്’ ഒരു കുന്ന് ഒറ്റയ്ക്കു കയറി ഇറങ്ങിയപ്പോഴേക്കും വടി ഊന്നി നടക്കുന്ന ടെക്നിക് തരക്കേടില്ലാതെ സ്വായത്തമാക്കി.
മീശപ്പുലിമലയിലേക്ക് എത്താനായി ഒന്നിന്നുപിറകെ ഒന്നായി ഒൻപതു കുന്നുകൾ കയറി ഇറങ്ങേണ്ടതുണ്ടായിരുന്നു. ചില കുന്നുകൾ ഇറങ്ങി ഒരു പ്രത്യേക ഉയരത്തിനു താഴെ എത്തുമ്പോൾ അതുവരെ ഹൂംകാരം മുഴക്കി ശക്തിയായി വീശിയടിച്ചുകൊണ്ടിരുന്ന കാറ്റു പൊടുന്നനെ നിലയ്ക്കുന്നതും അന്തരീക്ഷം മൂകവും നിശ്ചലവും ആവുന്നതും ഞങ്ങൾക്കു ഒരു വിസ്മയമായിരുന്നു. ഇതെന്തു പ്രതിഭാസമാണ് എന്നു ഞാൻ പലരോടും ചോദിച്ചെങ്കിലും തൃപ്തികരമായ ഒരു വിശദീകരണം കിട്ടിയിട്ടില്ല. വിൻഡ് ഷാഡോ അല്ലെങ്കിൽ ടൊപ്പോഗ്രാഫിക് വിൻഡ് ഷിയർ എന്ന പ്രതിഭാസം ആവാനാണ് സാധ്യത എന്നു കരുതുന്നു.
വിൻഡ് ഷാഡോ പ്രദേശങ്ങളും അവസാനത്തെ ചെങ്കുത്തായ കയറ്റവും പിന്നിട്ട് ഞങ്ങൾ മീശപ്പുലിമലയുടെ നെറുകയിലേക്ക് (2,640 മീറ്റർ) ചുവടുവെച്ചു. മലമുടിയിലേക്കുള്ള ആ അവസാനത്തെ ചുവടുകൾ അത് നമ്മുടെ മനസ്സിനു ഒരു പ്രത്യേക സന്തോഷം പകരുന്ന അനുഭവമാണ്. കിതച്ചുതളർന്ന ഗായത്രി തന്റെ കയ്യിലെ ട്രെക്കിംഗ് പോൾ താഴെവെച്ച് ദീർഘശ്വാസങ്ങളെടുക്കുന്നത് ഞാൻ നോക്കിനിന്നു. രണ്ടു ദിവസം മുൻപും മലകയറ്റം വേണ്ടെന്നു വെച്ചാലോ എന്ന് ചോദിച്ചവളാണ് ഇപ്പോൾ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടി കയറി നിൽക്കുന്നത്! കിതപ്പിനിടയിലും അവളുടെ മുഖത്തെ ആ ചിരിക്ക് ആകാശത്തോളം വലിയ അർഥമുണ്ടെന്ന് എനിക്കു തോന്നി. അതിമനോഹരമായ ഒരു ദൃശ്യവിസ്‌മയമായിരുന്നു ആ മലമുകളിൽ ഞങ്ങളെ കാത്തിരുന്നത്. കനത്ത പഞ്ഞിക്കെട്ടുകൾ പോലെ, നുരഞ്ഞു പൊങ്ങുന്ന പാലാഴി പോലെ മേഘങ്ങൾ താഴ്വര മൂടി നിലക്കുന്നതും, ആ മേഘത്തകിടിയെ വകഞ്ഞുമാറ്റി ചില കേമന്മാരായ കൊടുമുടികൾ ആകാശത്തേക്ക് എത്തി നോക്കി നിൽക്കുന്നതും കണ്ടുനിൽക്കെ, ശരീരത്തിന്റെ ക്ഷീണമൊക്കെ ആ വായുവിലലിഞ്ഞുപോവുന്നത് ഞങ്ങളറിഞ്ഞു.
സമയം കടന്നുപോയതറിഞ്ഞില്ല. കാറ്റിനു പതിയെ തണുപ്പു കുറഞ്ഞുവന്നു, വെയിലിന്നു ചൂടു തോന്നിത്തുടങ്ങി, ഇനി തിരിച്ചിറങ്ങാനുള്ള സമയമാണ്. കയറ്റം ഹൃദയത്തെയും ശ്വാസകോശത്തെയും പരീക്ഷിക്കുമ്പോൾ ഇറക്കം കാൽമുട്ടുകളുടേയും സന്ധികളുടേയും പരീക്ഷണമാണ്. ഗുരുത്വാകർഷണത്തിനൊപ്പം താഴേയ്ക്ക് വരുന്ന ശരീരഭാരത്തെ ബ്രേക്ക് ചെയ്തു നിർത്തേണ്ടത് കാലിലെ പേശികളാണ്. ഗുരുത്വാകർഷണം കൂടി ഉള്ളതുകാരണം കുത്തനെ ഉള്ള ഇറക്കങ്ങളിൽ ചിലപ്പോൾ കാൽമുട്ടുകൾക്ക് ശരീരഭാരത്തിലും വളരെ കൂടുതൽ മർദ്ദം താങ്ങേണ്ടിവന്നേക്കാം. ഞാൻ ഗായത്രിയെ നോക്കി. ഇറക്കത്തിൽ അവളുടെ കാൽമുട്ടുകൾക്ക് താങ്ങേണ്ടി വരുന്ന ഭാരത്തെക്കുറിച്ചും വേദനയെക്കുറിച്ചും അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എങ്കിലും ഈ വേദനയും വെച്ച് ഇക്കണ്ട മലയൊക്കെ നടന്നു കയറി എത്താമെങ്കിൽ ഇതുപോലെ തിരിച്ചു വീട്ടിലെത്താനും എനിക്കറിയാം എന്ന ആത്മവിശ്വാസം ആയിരുന്നു അവളുടെ മുഖത്തുണ്ടായിരുന്നത്. ഇട്ടിരുന്ന ജാക്കറ്റുകൾ ഊരിവെച്ചു, കയ്യിലുള്ള പോളുകൾ മുറുകെപ്പിടിച്ച് റോഡോ മാൻഷൻ ലക്ഷ്യമാക്കി ഞങ്ങൾ മലയിറക്കം ആരംഭിച്ചു. തിരിച്ചു പോവുന്നത് വന്ന വഴിയിലൂടെ അല്ല, അതിനു സമാന്തരമായി താഴ്വരയിലൂടെ താരതമ്യേന കയറ്റിറക്കങ്ങൾ കുറഞ്ഞ മറ്റൊരു വഴിയിലൂടെയാണ് എന്ന വാർത്ത ഞങ്ങൾക്കൽപ്പം ആശ്വാസം നൽകി.
കുത്തനെ ഉള്ള ഇറക്കങ്ങൾ കഴിഞ്ഞു ചെറിയ അരുവികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സാധാരണയായി ഇത്തരം കാട്ടരുവികളെ തെളിനീരെന്നും മറ്റും വിളിച്ചു ഒരു കാല്പനിക ഔന്നത്യം നൽകാറുണ്ട് നമ്മുടെ സാഹിത്യം. ഈ അരുവികളിൽ നിന്നും വെള്ളം കുടിക്കുന്നത് നമുക്ക് സാധാരണ ശീലവുമാണ്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ വളരെ ജാഗ്രതയോടെ വേണ്ട ശുചിത്വ മുൻകരുതലുകളെടുത്തു മാത്രമേ ഈ വെള്ളം ഉള്ളിലേക്കെടുക്കാവൂ എന്നു ബോധ്യപ്പെടുത്തി തരുന്നതായിരുന്നു പുൽമേടുകൾ പൈൻമര കാടുകളുമായി സന്ധിക്കുന്ന ഒരു അരുവിയുടെ തീരത്തു കണ്ട ഏതോ മൃഗത്തിന്റെ (മാനോ ആടോ മറ്റോ ആവാം) അസ്ഥികൂടം. മാംസമൊക്കെ മറ്റു മൃഗങ്ങളും പുഴുക്കളും ചേർന്നു പണ്ടേ വെടിപ്പാക്കിയിട്ടുണ്ടായിരുന്നു. ചിതറി കിടക്കുന്ന വെളുത്ത അസ്ഥികൾ മാത്രമാണിപ്പോൾ അവശേഷിക്കുന്നത്. കാലക്രമേണ കാൽസ്യവും ഫോസ്ഫറസ്സും മണ്ണിലേക്കുതന്നെ തിരിച്ചു നൽകിക്കൊണ്ട് അവയും ക്ഷയിച്ചുതീരും. ഇങ്ങനെ ചത്തു ചീയുന്ന മൃഗങ്ങളുടെ ശരീരത്തിൽ നിന്നും അണുക്കളും മറ്റു രാസവസ്തുക്കളും അടുത്തുള്ള അരുവികളിലേക്ക് വളരെ എളുപ്പം എത്തിച്ചേരും, മാത്രമല്ല അടുത്തുള്ള പാറകളിൽ നിന്നും ഹെവി മെറ്റൽസ്സും മിനറൽസ്സുമൊക്കെ വെള്ളത്തിൽ കലരാനും സാധ്യത ഉണ്ട്, പോരാത്തതിന്നു മറ്റു ജന്തുക്കളുടെ വിസർജ്യങ്ങളും. ഇനി ഈ തത്ത്വം കാടുകയറുന്നവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാൻ ഫോറസ്റ്റ്കാർ തന്നെ സ്ഥാപിച്ചതാണോ ആ അസ്ഥികൂടം എന്നും അറിയില്ല.
അവിരാമം തുടരുന്ന ജനനമരണങ്ങളുടെ ഒരു ചാക്രിക വ്യവസ്ഥയാണല്ലോ പ്രകൃതി. അത് ആരെയും ഓർത്തു വിലപിക്കാറില്ല. പെട്ടെന്നുണ്ടായ കൌതുകം തീർന്നപ്പോൾ ആ അസ്ഥികൂടത്തെ പിന്നിലുപേക്ഷിച്ചു ഞങ്ങൾ മുന്നോട്ടു നടന്നു. തിരികെ റോഡോ മാൻഷൻന്റെ പിന്നാമ്പുറത്തു എത്തിയപ്പോഴാണു അവിടെ നിർഭയം മേയുന്ന വരയാടുകളെ ഞങ്ങൾ കണ്ടത്. സഹ്യപർവ്വത കൊടുമുടികളിൽ അതിജീവിക്കുന്ന ഒരേയൊരു കാട്ടാടുവർഗ്ഗമാണ് ഇവ. എന്നാൽ മറ്റു വന്യമൃഗങ്ങളെ പോലെ ഇവ മനുഷ്യ സമ്പർക്കം ഒഴിവാക്കാൻ ശ്രമിക്കാറില്ല എന്നും മനുഷ്യന്റെ വാസസ്ഥലങ്ങൾക്കു സമീപം കൂസലന്യേ സഞ്ചരിക്കുമെന്നും എനിക്ക് അന്നാണ് മനസ്സിലായത്.
റോഡോ മാൻഷനിൽ നിന്നും ജീപ്പിൽ കയറി തിരികെ വീണ്ടും ബേസ് ക്യാമ്പിലേക്കും, അവിടെനിന്നും ഉച്ചഭക്ഷണത്തിന് ശേഷം മൂന്നാറിലെ KFDC ഓഫീസിലേക്കും ഞങ്ങൾ മടങ്ങി. പരുക്കൻ കാട്ടുപാതകൾ മാറി വീണ്ടും ടാർ റോഡുകളും തേയിലത്തോട്ടങ്ങളും പ്രത്യക്ഷപ്പെട്ടു. ഫോണിൽ നെറ്റ്വർക്ക് ബാറുകൾ തെളിഞ്ഞതിനൊപ്പം നോട്ടിഫിക്കേഷനുകളുടെ കുത്തൊഴുക്കും ഉണ്ടായിരുന്നു. അങ്ങിനെ ഹ്രസ്വമെങ്കിലും, ഒരുപിടി നല്ല ഓർമ്മകൾ നല്കിയ ആ യാത്ര അവസാനിക്കുകയാണ്.
എല്ലാവരും യാത്രപറഞ്ഞു പിരിഞ്ഞു. ഞങ്ങൾ തനിച്ചായപ്പോൾ, “എങ്ങിനെയുണ്ടായിരുന്നു?” എന്ന ഗായത്രിയുടെ ചോദ്യത്തിനു ഞാൻ “അടിപൊളി ആയിരുന്നില്ലേ?” എന്നൊരു മറുചോദ്യമെറിഞ്ഞു. അകലെ കാണുന്ന കോടമഞ്ഞു മൂടിയ മലനിരകളിലേക്കു കണ്ണുംനാട്ടായിരുന്നു അവളുടെ മറുപടി “നമുക്ക് ഇനിയും ഇതുപോലെ ട്രക്കിങ്ങുകൾ ചെയ്യണം.. അടുത്ത തവണ നന്നുവിനേയും കൂട്ടാം!"
Leave a Reply
Your email address will not be published. Required fields are marked *
Comments (0)