വാതാപിയിൽ അന്ന് ആഘോഷത്തിന്റെ ദിനമായിരുന്നു. കോട്ടകൊത്തളങ്ങൾ മുതൽ നഗരവിതാനത്തിന് പുറത്ത് തോട്ടികളുടെ ചേരിത്തെരുവുകൾ വരെ പുഷ്പങ്ങളും കുരുത്തോലയും കൊണ്ട് അലങ്കരിച്ചിരുന്നു. സാധാരണ ജനങ്ങളുടെ മുഖങ്ങളിലെല്ലാം സന്തോഷവും പ്രതീക്ഷയും പ്രതിഫലിച്ചിരുന്നു. വിദൂര ദേശനങ്ങളിൽനിന്നെത്തിയ നാടുവാഴികളും, ഇടപ്രഭുക്കന്മാരും, പരിവാരങ്ങളും, മറ്റു ധനികരായ സഞ്ചാരികളും അവരുടെ മടിശീല നിറച്ചിരുന്നു. അന്തരീക്ഷം ക്ഷേത്ര സങ്കേതങ്ങളിൽ നിന്നുയരുന്ന വേദമന്ത്രോച്ചാരണങ്ങൾ കൊണ്ടും ദേവദാസിത്തെരുവുകളിൽ നിന്നുയരുന്ന നൃത്ത-സംഗീത ലയങ്ങളാലും മുഖരിതമായിരുന്നു.
അഭിമാനികളായ ബനവാസിയിലെ പുരാതന കദംബന്മാരുടെ ആഗമനം നഗരത്തെ ഇളക്കിമറിച്ചു. ആയുധധാരികളായ അഞ്ഞൂറു പടയാളികളുടെ അകമ്പടിയോടെ ലക്ഷണമൊത്ത മൂന്നു കരിവീരന്മാരുടെ പുറത്തേറി കരിവീട്ടി കടഞ്ഞപ്പോലുള്ള മൂന്നു യോദ്ധാക്കൾ - കൃഷ്ണവർമ്മനും സഹോദരന്മാരും. പിന്നിൽ രത്നഖചിതമായ പല്ലക്കുകളിലേറി അന്തപ്പുരവാസികളും ദാസീവൃന്തവും. ആ ഘോഷയാത്ര ഫണം വിരിച്ചു നീങ്ങുന്ന ഒരു സുവർണ്ണനാഗം കണക്കെ ചാലൂക്യ രാജധാനി ലക്ഷ്യമാക്കി തെരുവുകളിലൂടെ ഇഴഞ്ഞുനീങ്ങി. തെരുവുകളിൽ പ്രത്യേകം സജ്ജീകരിച്ച വേദികളിൽ വാദ്യമേളങ്ങളും, അഭ്യാസകാഴ്ചകളും, ജാലവിദ്യാപ്രകടനങ്ങളും അരങ്ങുതകർത്തിരുന്നു.
ഇതേസമയം വാതാപി കോട്ടയിലെ നിലവറയിൽ വിഘ്നേശ്വര വിഗ്രഹത്തിനുമുന്നിൽ ചാലൂക്യരാജൻ പുലികേശി ഏകാന്തനായിരുന്നു. അയാളുടെ കത്തുന്ന ദൃഷ്ടിയിൽ ശിലാവിഗ്രഹം ഉരുകിയൊലിക്കുമോ എന്നു തോന്നിച്ചു. ഒത്ത ഉയരം, മുട്ടുവരെ നീണ്ട ബലിഷ്ഠമായ ഭുജങ്ങൾ, ചുമലിനും താഴെ എത്തുന്ന കനത്ത കേശഭാരം, അവിടിവിടെ നരച്ച താടിരോമങ്ങൾ, അമാവാസി രാവിനെക്കാൾ ആഴമേറിയ നിറം, അനേക പോരാട്ടങ്ങൾ സമ്മാനിച്ച വടുക്കൾ നിറഞ്ഞ വിരിഞ്ഞ മാറിടം. പണ്ട് യുദ്ധവെറിപൂണ്ട്, രണമണിഞ്ഞു, തീപ്പന്തം കെട്ടിയ തന്റെ കനത്ത മഴുവും ചുഴറ്റി, അലറിയടുത്ത പുലികേശിയേക്കണ്ട് കദംബന്മാരുടെ മദയാനകൾ തിരിഞ്ഞോടിയ ചരിത്രമുണ്ട്.
നിലവറയിലെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്നിൽ നിന്നും രാജ്ഞി ദുർലഭാദേവിയുടെ സ്വരമുയർന്നു. “രാജൻ...”
ദേവിയുടെ സാന്നിധ്യം അറിഞ്ഞ പുലികേശി അതേ നിലയിൽ തൻ്റെ ശിരസ്സിന്റെ അളന്നുകുറിച്ച ഒരു ചലനം കൊണ്ട് പ്രത്യഭിവാദനമേകി. അറയിൽ പ്രവേശിച്ച ദേവി പുലികേശിയുടെ അരികിലേക്ക് നീങ്ങി. തന്റെ ഭർത്താവിനൊപ്പമോ അതിലേറെയോ ആജ്ഞാശക്തി സ്ഫുരിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അവൾ . ഒറ്റ നോട്ടം കൊണ്ട് യുദ്ധവീരന്മാർ നിറഞ്ഞ ചാലൂക്യ രാജസദസ്സ് മുഴുവൻ നിശബ്ദമാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു. അവളുടെ എണ്ണമിനുപ്പുള്ള ചർമ്മം ഗണപതി വിഗ്രഹത്തിനുമുന്നിൽ കത്തിച്ചുവെച്ച നിലവിളക്കിന്റെ പ്രകാശത്തിൽ മിനുക്കിയ ഗോമേദകം പോലെ തിളങ്ങി. വർഷങ്ങളുടെ ഭരണപരിചയത്തിലൂടെ ആർജിച്ച നിശ്ചയദാർഢ്യവും കുലീനതയും ആ മുഖത്തു പ്രതിഫലിച്ചു.
ചാലൂക്യരെക്കാൾ പുരാതന ദേശവാഴികൾ അനവധി ഉണ്ടാവാം. വിന്ധ്യനും നർമ്മദയും താണ്ടി മൗര്യന്മാരും ഗുപ്തന്മാരും പടനയിച്ചപ്പോൾ കപ്പം നല്കി അടങ്ങിയില്ലേ അവരെല്ലാം. ഇനി ചാലൂക്യരുടെ ഊഴമാണ് രാജൻ. ഇന്ന് നർമ്മദക്ക് തെക്ക് അശ്വമേധയാഗം നടത്തിയ ഏക രാജാവാണ് അങ്ങ്.
തന്റെ ഭർത്താവിൻ്റെ സമീപമെത്തിയപ്പോൾ അവളുടെ ഭാവം മയപ്പെട്ടു. “ദേശവാഴികൾ തങ്ങളുടെ രാജാവിനെ കാത്തിരിക്കുന്നു…” അവൾ പറഞ്ഞു, സ്വരം സൗമ്യമെങ്കിലും ആജ്ഞാശക്തി നിറഞ്ഞതായിരുന്നു.
പുലികേശിയുടെ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. “രാജാവിൻ്റെ വീര്യത്തെക്കാൾ രാജ്ഞിയുടെ മനസ്സാന്നിദ്ധ്യമാണ് അവർക്കിപ്പോൾ ആവിശ്യം എന്ന് എനിക്കുറപ്പുണ്ട്,” അയാൾ മറുപടി പറഞ്ഞു.
മുഖസ്തുതി ബോധിച്ച ദുർലഭാദേവി നിറഞ്ഞു ചിരിച്ചു. “അതുകൊണ്ടാണോ മഹാരാജന്റെ മുഖം വാടിയിരിക്കുന്നത്?"
പുലികേശിയുടെ പുഞ്ചിരി മാഞ്ഞു, അയാൾ തന്റെ ചിന്തകളിലേക്ക് മടങ്ങി, ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു. “ഇനി ഞാൻ വഹിക്കേണ്ട ഉത്തരവാദിത്തങ്ങളുടെ ഭാരമാണ് ദേവി... ഇത്രനാളും ശത്രുക്കൾ ആരെന്നു നിശ്ചയം ഉണ്ടായിരുന്നു, ഇനി... ”
"രാജാസിംഹ രണവിക്രമ ശ്രീപൃഥ്വിവല്ലഭ പുലികേശി മഹാരാജനു ഭയമോ?” ദുർലഭാദേവിയുടെ സ്വരം വീണ്ടും ദൃഢമായി.
പുലികേശി സാവധാനം തിരിഞ്ഞു തന്റെ പ്രിയപ്പെട്ട രാജ്ഞിയുടെ കണ്ണുകളിലേക്ക് ദൃഷ്ടിയൂന്നി. "അതെ ദേവി ഇപ്പോൾ എന്റെ ചുറ്റിനും ഉള്ളവർ എന്നെ ഭയപ്പെടുത്തുന്നു." അദ്ദേഹം മന്ത്രിച്ചു. “എൻ്റെ മുമ്പിൽ താണു വണങ്ങുകയും, മുഖസ്തുതി പറയുകയും ചെയ്യുന്ന പ്രഭുക്കന്മാരും ദേശവാഴികളും… ഇവർക്കെങ്ങനെ ഉള്ളിൽ കൂടിപ്പക സൂക്ഷിക്കാതിരിക്കാനാവും? കദംബന്മാർ, ബാണന്മാർ, സേന്ദ്രകർ, ഗംഗന്മാർ.. എല്ലാവരും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ദേശവാഴികൾ. ഇവരെല്ലാം ഇന്നിവിടെ കാഴ്ചവസ്തുക്കളും, കപ്പപ്പണവും ആയി എത്തിയിട്ടുണ്ട്. എന്നാൽ, യാഗാശ്വം അവരുടെ ദേശങ്ങളിലൂടെ കടന്നുപോയപ്പോൾ പലവട്ടം ബന്ധിക്കപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബസവണ്ണയുടെ സൈന്യം ആക്രമിക്കപ്പെടുകയും ചെയ്തു.”
ദുർലഭാദേവിയുടെ നെറ്റി ചുളിഞ്ഞു. അവൾ തന്റെ ഇടതുകരംകൊണ്ട് പുലികേശിയുടെ ചുമലിൽ ചേർത്തുപിടിച്ചു. “ഗുപ്തന്മാരുടെ പതനത്തിനുശേഷം ദക്ഷിണ ദേശങ്ങൾ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല,” അവളുടെ സ്വരം മൃദുവും ഭാവം ദൃഢവുമായിരുന്നു. "നിങ്ങളുടെ പൂർവ്വികർ കലപ്പയും അരിവാളും ഉപേക്ഷിച്ച് കുന്തവും വാളും കയ്യിലേന്തിയത് ഇതേ ദേശവാഴികളുടെ കിടമത്സരങ്ങളും യുദ്ധക്കൊതിയും കാരണം നാട്ടിൽ അരാജകത്വം കൊടികുത്തിവാണപ്പൊഴാണ്. എന്തായിരുന്നു അവരുടെ ലക്ഷ്യം?... മുത്തച്ഛൻ രാജാ ജയസിംഹന്റെ ആ മഹത്തായ സ്വപ്നം അങ്ങ് മറന്നുവോ?”
“സുരക്ഷിതത്വം,” പുലികേശി മന്ത്രിച്ചു. “സുരക്ഷിതമായ, തുല്യ അവസരങ്ങളുടെ നാട്.”
“ആ സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ വളരെ അടുത്താണ് ഇന്ന് നാം,” ദുർലഭാദേവി തുടർന്നു. “ചാലൂക്യരെക്കാൾ പുരാതന ദേശവാഴികൾ അനവധി ഉണ്ടാവാം. വിന്ധ്യനും നർമ്മദയും താണ്ടി മൗര്യന്മാരും ഗുപ്തന്മാരും പടനയിച്ചപ്പോൾ കപ്പം നല്കി അടങ്ങിയില്ലേ അവരെല്ലാം. ഇനി ചാലൂക്യരുടെ ഊഴമാണ് രാജൻ. ഇന്ന് നർമ്മദക്ക് തെക്ക് അശ്വമേധയാഗം നടത്തിയ ഏക രാജാവാണ് അങ്ങ്. യാഗാശ്വം അതിന്റെ മടക്കയാത്രയിലാണ്, അപരാഹ്നത്തിന് മുൻപുതന്നെ കോട്ടയിലെത്തും എന്നു ബസവണ്ണയുടെ സന്ദേശമുണ്ടായിരുന്നു. രക്തച്ചൊരിച്ചിലിൻ്റെ കാലം കഴിഞ്ഞു രാജൻ, ദക്ഷിണദേശത്ത് സമാധാനം പുനഃസ്ഥാപിക്കേണ്ടത് ഇനി നമ്മുടെ ചുമതലയാണ്.”
അവളുടെ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് പുലികേശി തന്റെ കണ്ണുകൾ അടച്ചു. "കീഴടക്കാൻ എളുപ്പമായിരുന്നു ദേവി" അയാൾ മന്ത്രിച്ചു. "ഭരണം – അത് ഹിമാലയത്തെക്കാളും ഭാരിച്ച കർത്തവ്യമാണ്."
ദുർലഭാദേവി തന്റെ ഇരുകൈകളും ഉപയോഗിച്ച് പുലികേശിയുടെ മുഖം തന്റെ മുഖത്തോട് ചേർത്തു. അനവധി യുദ്ധങ്ങൾ കണ്ട അജയ്യനായ ആ യോദ്ധാവ് അവളുടെ ചുരികത്തലപ്പിനെക്കാൾ മൂർച്ചയേറിയ ആ നോട്ടം പ്രതിരോധിക്കാൻ പാടുപെട്ടു. എന്നാൽ അത് പുറത്തുകാണിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. രാജാവിന്റെ മനശ്ചാഞ്ചല്യം തിരിച്ചറിഞ്ഞ ദേവി എന്തോ പറയാനാഞ്ഞു.
എന്നാൽ അതിന്നുമുൻപുതന്നെ പുറത്ത് കൊമ്പുകുഴൽ കാഹളങ്ങളും പെരുമ്പറയും മുഴങ്ങി. കോട്ടമുറ്റത്തു കതിനാവെടികൾ പൊട്ടി. ആ ശബ്ദം നിലവറയുടെ ചുമരുകളിൽ ഇടിനാദം പോലെ പ്രതിധ്വനിച്ചു. പുലികേശിയുടെ കണ്ണുകൾ തിളങ്ങി, ചുണ്ടുകളിൽ ഒരു മനതസ്മിതം വിടർന്നു.
“നിരീക്ഷണമേടയിലെ കാവൽക്കാർ ബസവണ്ണയുടെ കൊടിക്കൂറ തിരിച്ചറിഞ്ഞന്നു തോന്നുന്നു,” അദ്ദേഹം പറഞ്ഞു.
ദുർലഭാദേവി പുഞ്ചിരിച്ചു. “അപ്പോൾ നമുക്കിനി സംസാരിച്ചു പാഴാക്കാൻ സമയമില്ലല്ലോ രാജൻ,” അവൾ പറഞ്ഞു. "ദേശവാഴികൾ കാത്തിരിക്കുന്നു, തങ്ങളുടെ ചക്രവർത്തിയുടെ സിംഹാസനാരോഹണത്തിന്."
തുടരും...
Leave a Reply
Your email address will not be published. Required fields are marked *
Comments (0)