കുട്ടിയായ് നടന്ന കാലം... വളരെയൊന്നും ഓർമ്മയില്ലയെങ്കിലും മനസ്സിന്റെ മാറാലതല്ലിയ കോണുകളിൽ ചിതറിക്കിടക്കുന്ന നിറം മങ്ങിയ ചില ചിത്രങ്ങൾ...
വെള്ളിയിടത്ത് വീട്ടിലെ പുരയിടത്തിന്റെ വടക്കേ അതിരിന്നു കാവൽക്കാരായി രണ്ടു പുളിയൻ മാവുകളുണ്ടായിരുന്നു. അവയിലൊന്ന് ഇന്നും ഇതെഴുതുമ്പോഴും കാലചക്രത്തിന്റെ മൂകസാക്ഷിയായി അവിടെ തല ഉയർത്തി നിൽക്കുന്നുണ്ടാവും. എന്നാൽ ഇവിടെ പറയാൻ പോവുന്നത് ആ രണ്ടാമനെ പറ്റിയാണ് – അകാലത്തിൽ പൊലിഞ്ഞ ആ രണ്ടാമനെപ്പറ്റി.
ഞാൻ ജനിക്കുമ്പോഴും അവനവിടെ ഉണ്ടായിരുന്നു, എന്റെ അച്ഛൻ ജനിക്കുമ്പോഴും അവനവിടെ ഉണ്ടായിരുന്നോ... അറിയില്ല! പക്ഷേ ഉണ്ടായിരിക്കാനാണ് സാധ്യത. അതെന്തായാലും എന്നിക്കോർമ്മവെച്ച നാൾമുതൽ ഒന്നിടവിട്ട വർഷങ്ങളിൽ പൂക്കാനും കായ്ക്കാനും അവൻ മറന്നിട്ടില്ല. സാമാന്യം നല്ല ഉയരത്തിൽ പടർന്നു പന്തലിച്ച് നിന്നിരുന്ന അവന്റെ മേൽക്കയറി മാങ്ങ എടുക്കുവാൻ പക്ഷിമൃഗാദികൾ അല്ലാതെ മനുഷ്യരാരും മുതിർന്നതായി എന്റെ ഓർമ്മയിലില്ല. കത്തുന്ന വേനൽച്ചൂടിന് ആശ്വാസമായി ഇടക്കിടെ വീശുന്ന പവനന്റെ ചലനങ്ങളാണ് ഞങ്ങൾക്ക് അപ്രാപ്യമായ ഉയരത്തിൽ സുരക്ഷിതരായി ഉല്ലസിച്ചിരുന്ന ആ മാമ്പഴങ്ങളെ ഭൂമിയിലെത്തിച്ചിരുന്നത്. അങ്ങനെ വീഴുന്ന മാമ്പഴങ്ങൾ ശേഖരിക്കാനായി മാഞ്ചുവട്ടിൽ കൂടുന്ന കുട്ടിക്കൂട്ടം മാത്രാണിന്നും മായാത്ത ഒരു ബാല്യകാല ഓർമ്മ.
പൊഴിയുന്ന മാമ്പഴങ്ങൾ പകുതിയും വീഴുക അയൽവക്കത്തെ തൊടിയിലാണ്. കുട്ടികൾക്ക് എന്ത് അതിർവരമ്പും എന്ത് വേലിക്കല്ലും... അന്നൊന്നും മുതിർന്നവരും ഇതത്ര കാര്യമാക്കിയിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. മാമ്പഴം ശേഖരിക്കാൻ മത്സരിച്ചിരുന്ന ഞങ്ങൾ കുട്ടികളെ അന്നാരും തടഞ്ഞിരുന്നില്ല. രണ്ടു തൊടിയും വേർതിരിക്കാൻ വേലിക്കെട്ടുകളും ഉണ്ടായിരുന്നില്ല.
വേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന സമയമാണ് മാമ്പഴക്കാലം. രാവിലെ ഉറക്കമുണർന്നാൽ നേരെ ചെല്ലുക മാഞ്ചുവട്ടിലേക്കാണ്. തലേന്ന് രാത്രിയിൽ വീണ മാമ്പഴങ്ങളൊക്കെ മറ്റാരെങ്കിലും വരുന്നതിനുമുമ്പ് കൈവശപ്പെടുത്തണം. ചിലപ്പോൾ അങ്ങനെ രാവിലെ എണീറ്റ് ചെല്ലുമ്പോൾ മാമ്പഴങ്ങൾ ഒന്നുംതന്നെ ഉണ്ടാവില്ല ശേഖരിക്കാൻ. അതിരാവിലെ തന്നെ ടോർച്ചിന്റെ മാമ്പഴം പെറുക്കുന്ന ആത്മാക്കൾ മുഴുവനും കൊണ്ടുപോയിരിക്കും. അപ്പോൾ വരുന്ന അരിശത്തിനും നിരാശക്കും കയ്യും കണക്കും ഉണ്ടാവില്ല.
എന്റെ വീട്ടിലെ മാവല്ലേ? എന്നിട്ടെനിക്കില്ലേ??.. എന്ന കൈവശബോധം അപ്പോഴാണ് ഉണരുക. ഇതൊക്കെ കേൾക്കുമ്പോൾ തോന്നും എനിക്ക് മാമ്പഴം വലിയ ഇഷ്ടമാണെന്നു. ഇങ്ങനെയൊക്കെ ശേഖരിച്ചുവെച്ച മാമ്പഴങ്ങൾ ഞാൻ കഴിക്കുന്നതായി ഒരു ഓർമ്മചിത്രം പോലും എന്റെ മനസ്സിൽ അവശേഷിച്ചിട്ടില്ല. ഇന്നും ആരെങ്കിലും പൂളി കഷണങ്ങളാക്കി തന്നാൽ കഴിക്കും എന്നല്ലാതെ മാമ്പഴത്തോടു പ്രത്യേകമായി ഒരു പ്രേമവും എന്റെ മനസ്സിലില്ല.
മാമ്പഴം ശേഖരിക്കാൻ ഉള്ള ആവേശം ഒരിക്കലും അത് കഴിക്കാൻ അന്നും ഞാൻ കാണിച്ചിരുന്നില്ല. പ്രത്യേകിച്ചും നല്ല ചുനയും പുളിയുമുള്ള നമ്മുടെ കഥാനായകന്റെ മാമ്പഴങ്ങൾ ഒരു ഭക്ഷണവസ്തു എന്ന നിലയിൽ തീരെ ആകർഷിച്ചിരുന്നില്ല.
എന്നാൽ ആ മാവ് എന്നിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അതിനു കാരണം മാമ്പഴം ശേഖരിക്കാൻ എത്തുമായിരുന്ന ആ കുട്ടിക്കൂട്ടമാണ്. ആ പ്രദേശത്തുള്ള എന്റെ സമപ്രായക്കാരായ എല്ലാ കുട്ടികളും ദിവസത്തിൽ ഒരുതവണയെങ്കിലും ആ മാഞ്ചുവട്ടിൽ ഹാജർ വെച്ചിരുന്നു. ആളുകൂടിയാൽ പിന്നെ ഒരു മേളമാണ്. മാമ്പഴം വീഴ്ത്തുവാൻ കാറ്റിനെ ക്ഷണിച്ചുകൊണ്ടുള്ള പാട്ടുകളും, പാട്ടുകെട്ട് വരുന്ന കാറ്റിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള കാത്തിരിപ്പും, ക്ഷണിച്ചുവരുത്തിയ കാറ്റ് പൊഴിച്ചുതരുന്ന മാമ്പഴങ്ങൾ ആദ്യം കൈക്കലാക്കാൻ ഉള്ള മത്സരവും, അതിനിടയിൽ തർക്കങ്ങളും, അടികലശലും, ഒത്തുതീർപ്പുകളും...
അങ്ങനെ മാമ്പഴക്കാലം കഴിയുമ്പോളേക്കും തൊടി ഉഴുതുമറിച്ചപോലെ ആയിട്ടുണ്ടാവും. അതിൽ ഏറ്റവും കെറിവ് അമ്മക്കായിരുന്നു. അമ്മ പല സ്ഥലത്തുനിന്നും ആറ്റുനോറ്റ് കൊണ്ടുവന്നു നട്ടുപിടിപ്പിക്കുന്ന പല ചെടികളും ഈ ദിവസങ്ങളിൽ തലയും ഉടലുമറ്റുവീഴും. ആരാണ് ഒടിച്ചതെന്നോ എപ്പോഴാണെന്നോ നിശ്ചയിക്കാൻ ദൈവംതമ്പുരാനു പോലും സാധിക്കില്ല. പക്ഷേ ശകാരം കേൾക്കേണ്ടയാൾ ഞാൻ തന്നെയാണ്. ഞാൻ മാത്രമല്ല എന്നോടൊപ്പം മറ്റു കുട്ടികളും കേട്ടിട്ടുണ്ട്. പിന്നീട് കാലക്രമത്തിൽ മാഞ്ചുവട്ടിലെ ആൾക്കൂട്ടം കുറയാൻ ഒരു കാരണം ഇതാവും.
എങ്കിലും ആ മാവ് വിറ്റുവെന്നും അത് മുറിക്കാൻ പിറ്റേദിവസം ആളുവരുമെന്നും അറിഞ്ഞ രാത്രിയിൽ ഞാൻ വാവിട്ടു നിലവിളിച്ചു. പ്രകൃതി സ്നേഹി ആയതുകൊണ്ടൊന്നും ആയിരുന്നില്ല, മാവിനോടൊപ്പം നഷ്ടപ്പെടാൻ പോവുന്ന ചെങ്ങാതിക്കൂട്ടം ആയിരുന്നു എന്റെ സങ്കടം. ഇന്നും ചിലപ്പോളൊക്കെ ആ ഓർമ്മ കണ്ണുകളെ ഈറനണിയിക്കുകയും കണ്ഠത്തിന് ഭാരമേറ്റുകയും ചെയ്യാറുണ്ട്. ചില ഓർമ്മകൾ അങ്ങനെയാണ് – ഉണങ്ങാത്ത മുറിവുകൾ പോലെ – തൊടുമ്പോഴെല്ലാം വീണ്ടും വേദനിപ്പിച്ചുകൊണ്ടിരിക്കും.
എന്റെ നിലവിളിയും അവതാ പറച്ചിലും ഒന്നും ഒരു പ്രയോജനവും ചെയ്തില്ല. പിറ്റേ ദിവസം തന്നെ മരം മുറിക്കാൻ ആളുവന്നു. അങ്ങനെ ഞങ്ങളുടെ കളികൾക്കും, പിണക്കങ്ങൾക്കും, ഇണക്കങ്ങൾക്കും ഒക്കെ മൂകസാക്ഷിയായ ആ വൃക്ഷ വയോധികൻ അവിടെ അവസാനിച്ചു.
എന്തിനാണിപ്പോൾ ഞാൻ കരയുന്നത്?.. ആവോ, അങ്ങനെ വേണമായിരിക്കും. മണ്മറഞ്ഞുപോയ പ്രിയപ്പെട്ടവർക്ക് ആദരം അർപ്പിക്കാൻ നമുക്ക് വേറെ എന്ത് വഴിയുണ്ടു.
Leave a Reply
Your email address will not be published. Required fields are marked *
Comments (0)