സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

Liberté, égalité, fraternité - 1789-90 കാലത്ത് ഫ്രാന്‍സിലെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യമാണ് ഇത്. "Liberty, equality and Fraternity" എന്ന് ഇംഗ്ലീഷ് പരിഭാഷ. കാലക്രമത്തില്‍ ഈ ആശയങ്ങള്‍ ലോകം മുഴുവന്‍ അലയടിക്കുകയും, അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കെല്ലാം പ്രതികരിക്കുവാനും പ്രതിരോധിക്കാനും ഊര്‍ജ്ജവും ആവേശവും നല്‍കുന്ന ശ്രോതസ്സായി മാറിത്തീരുകയും ഉണ്ടായി. ഒന്നര നൂറ്റാണ്ടിനു ഇപ്പുറം നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ഈ ആശയങ്ങളുടെ അനുരണങ്ങള്‍ വളരെ പ്രകടമായിരുന്നു. അതിന്റെ ബാക്കിപത്രമാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ഓരോ പൌരനും സ്വാന്ത്ര്യവും സമത്വവും സാഹോദര്യവും ഒപ്പം നീതിയും ഉറപ്പുവരുത്തുക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമായി പ്രസ്താവിക്കുന്നത്. രണ്ടു ലോകയുദ്ധങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രൂപപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ 'Universal Declaration of Human Rights' ന്റെ ഒന്നാമത്തെ ആര്‍ട്ടിക്കിള്‍ ഇങ്ങനെയാണ്.

"All human beings are born free and equal in dignity and rights. They are endowed with reason and conscience and should act towards one another in a spirit of brotherhood."

എന്തിന്, ഇങ്ങേയറ്റത്ത് നമ്മുടെ കൊച്ചു കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നവോഥാനത്തിന്റെ വിത്ത്‌ പാകിയ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ പോലും ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങള്‍ നമുക്ക് കാണാം.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഒരു യോനിയോരാകാരമൊരുഭേദവുമില്ലതില്‍
ശ്രീനാരായണഗുരു

ഗുരു ഇങ്ങനെ പാടുമ്പോള്‍ അത് സമത്വവും സാഹോദര്യവും അല്ലാതെ മറ്റെന്താണ്. ആധുനികോത്തരം എന്ന് നമ്മള്‍ വിളിക്കുന്ന ഇന്നത്തെ കാലഘട്ടത്തിലും ഈ മുദ്രാവാക്യങ്ങള്‍ ഒട്ടും ശോഭ മങ്ങാതെ ജനലക്ഷങ്ങളുടെ പ്രത്യാശ ആയി നിലനില്‍ക്കുന്നു എന്ന് സാരം."

'ജീന്‍ പിയറീ ഹൌള്‍' എന്ന ചിത്രകാരന്റെ "The Storming of the Bastille" എന്ന പ്രസിദ്ധമായ ചിത്രമാണ് മുകളില്‍. ക്യാമറയുടെ സാങ്കേതികവിദ്യ കണ്ടുപിടിക്കപ്പെടുന്നത് പിന്നെയും 27 ഓളം കൊല്ലങ്ങള്‍ക്ക് ശേഷം 1816-ല്‍ ആയതിനാല്‍ അന്നത്തെ ഫോട്ടോഗ്രാഫുകള്‍ ഒന്നും നമുക്ക് ലഭ്യമല്ല, ദൃശ്യങ്ങള്‍ക്ക് ചിത്രകാരന്മാരെ തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. കോട്ടയുടെ ഗവര്‍ണര്‍ ആയിരുന്ന 'ബെര്‍ണാര്‍ഡ് റെനെ ജോര്‍ദാനെ' വിപ്ലവകാരികള്‍ പിടികൂടുന്നത് ചിത്രത്തിന്റെ മധ്യഭാഗത്ത്‌ കാണാം. പിന്നീട് ഇയാളുടെ തല വെട്ടിയെടുത്ത് കുന്തത്തില്‍ കോര്‍ത്ത വിപ്ലവകാരികള്‍ തെരുവുകളില്‍ പ്രകടനം നടത്തി എന്നാണ് ചരിത്രം.

'വോള്‍ട്ടയറെ' പോലെയുള്ള തത്വചിന്തകന്മാരുടെ നവോഥാന ആശയങ്ങള്‍ യൂറോപ്പില്‍ ശക്തിപ്പെടുന്ന സമയം ആയിരുന്നു പത്തൊന്‍പതാം നൂറ്റാണ്ട്. ഈ ആശയങ്ങള്‍ വിപ്ലവത്തിന് പ്രചോദനമായി എന്നതില്‍ തര്‍ക്കമില്ല. 'റോസേവു' എന്ന സാഹിത്യകാരന്‍ ആ കാലത്ത് രാജഭരണത്തിന്റെ ശക്തനായ വിമര്‍ശകനായി ഉയര്‍ന്നു വന്നു. ഭരണം എന്നത് രാജാവിന്റെ അവകാശമല്ലന്നും മറിച്ച് അത് രാജാവും ജനങ്ങളും തമ്മിലുള്ള ഒരു ഉടമ്പടി ആണെന്നും വാദിച്ച ആളായിരുന്നു അദ്ദേഹം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, രാജാവ് എന്ന ആശയത്തെ നിരാകരിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല എന്നതാണ്. രാജാവില്ലാതെയും രാജ്യം നിലനില്‍ക്കും, അല്ലെങ്കില്‍ രാജാവല്ല ജനങ്ങളാണ് രാജ്യം എന്ന ജനാധിപത്യ ആശയത്തെ വരവേല്‍ക്കാന്‍ ചരിത്രം അന്ന് തയ്യാറെടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

വിപ്ലവങ്ങള്‍ തുടങ്ങുന്നത് ബുദ്ധിജീവികളുടെ തലച്ചോറുകള്‍ക്കുള്ളില്‍ ആണെങ്കിലും അത് നടക്കുന്നത് തെരുവുകളില്‍ ആണല്ലോ. ആശയങ്ങള്‍ ഭൌതിക ശക്തി ആര്‍ജിക്കുന്നത് ആമാശയത്തിനു പ്രശ്നം ഉണ്ടാവുമ്പോള്‍ ആണന്നാണ് ചരിത്ര പാഠം. "ആശയങ്ങളും സാമ്പത്തിക സ്ഥിതിയും ആണ് വിപ്ലവങ്ങള്‍ സൃഷ്ടിക്കുക", എന്ന് പറഞ്ഞത് ജനാധിപത്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 'ജവര്‍ഹര്‍ലാല്‍ നെഹ്രു'വാണ്. 1780 കളിലെ ഫ്രാന്‍സ് വലിയ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. 1774 ല്‍ രാജ്യഭാരം ഏറ്റെടുത്ത 'ലൂയി പതിനാറാമന്‍' ആയിരുന്നു അപ്പോള്‍ ഫ്രാന്‍സിന്റെ രാജാവ്. ചരിത്ര വിദ്യാര്‍ഥികള്‍ സാധാരണ ഇദ്ദേഹത്തെ ഒരു വിഡ്ഢി ആയിട്ടാണ് കണക്കാക്കാറുള്ളത്. അയാളെ ഒരു പാവയാക്കി നിലനിര്‍ത്തിക്കൊണ്ട് ഭാര്യ 'മേരി അന്റോണിറ്റെ' ആണ് യഥാര്‍ഥത്തില്‍ ഭരണം നടത്തിയിരുന്നത് എന്നും ഭാഷ്യങ്ങളുണ്ട് ചരിത്രത്തില്‍. അതെന്തായാലും പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി കണ്ട വലിയ രണ്ടു യുദ്ധങ്ങള്‍ - കോളനികള്‍ക്ക് വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന ഏഴു വര്‍ഷ യുദ്ധം, ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയ അമേരിക്കന്‍ ആഭ്യന്തര യുദ്ധം, - രണ്ടിലും സജീവ പങ്കാളികള്‍ ആയിരുന്നു ഫ്രാന്‍സ്. 1780 കള്‍ ആയപ്പോഴേക്കും രണ്ടു യുദ്ധങ്ങളും കൂടെ ഫ്രാന്‍സിന്റെ ഖജനാവ് കാലിയാക്കിയിരുന്നു. ഇതിനുപുറമേ യൂറോപ്പിലെ ഏറ്റവും അധികം ജനസംഘ്യ ഉള്ള രാജ്യമായിരുന്നു ആ സമയത്തു ഫ്രാന്‍സ്. കാലിയായ ഖജനാവുമായി ഭീമമായ ഒരു ജനസംഘ്യയെ പുലര്‍ത്താനുള്ള നയചാതുരി ഒന്നും രാജാവായ ലൂയി പതിനാറാമന് ഉണ്ടായിരുന്നില്ല.

'വിനാശ കാലേ വിപരീത ബുദ്ധി' - എന്നൊരു ചൊല്ലുണ്ടല്ലോ നമ്മുടെ നാട്ടില്‍, അതിനെ അന്വര്‍ഥം ആക്കുന്ന വിധമായിരുന്നു രാജാവിന്റെയും രാജ്ഞിയുടെയും പ്രവൃത്തികള്‍. പ്രഭുക്കന്മാര്‍ക്കും, പുരോഹിതന്മാര്‍ക്കും പ്രിത്യേക അവകാശങ്ങള്‍ ഉണ്ടായിരുന്നു, നികുതി ഇളവുകള്‍ ഉണ്ടായിരുന്നു. കാലിയാക്കപ്പെട്ട ഖജനാവിന്റെ ഭാരം മുഴുവന്‍ ചെന്ന് വീണത്‌ സാധാരണക്കാരന്റെ ചുമലില്‍ ആണ്. അത് താങ്ങാനാവാതെ, വരവും ചിലവും കൂട്ടിമുട്ടിക്കാനാവാതെ ഫ്രാന്‍സിലെ സാധാരണക്കാര്‍ വലഞ്ഞു. 1777 ലെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത് അന്ന് ഫ്രാന്‍‌സില്‍ പതിനൊന്ന് ലക്ഷം ഭിക്ഷക്കാര്‍ ഉണ്ടായിരുന്നു എന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മൂന്നുകോടി ജനസംഘ്യ ഉണ്ടായിരുന്ന സ്ഥലത്താണ് ഇത്. അതായത് മൊത്തം ജനസംഘ്യയുടെ നാല് ശതമാനത്തോളം ഭിക്ഷക്കാരുള്ള ഒരു രാജ്യം. ഇതേ സമയം ഫ്രാന്‍സിലെ പ്രഭുക്കന്മാരുടെയും, പുരോഹിതന്മാരുടെയും എണ്ണം വെറും ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയില്‍ ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍ ഫ്രാന്‍സിലെ പുരോഹിത നാടുവാഴി വര്‍ഗങ്ങളുടെ നാല് മടങ്ങായിരുന്നു അവിടുത്തെ ഭിക്ഷക്കാരുടെ സംഘ്യ. രാജ്യം എത്ര വലിയ സാമ്പത്തിക അസമത്വത്തിലായിരുന്നു എന്നതിന് ഇനി മറ്റു തെളിവുകള്‍ ആവശ്യമില്ലല്ലോ. യൂറോപ്പില്‍ ആകമാനം തന്നെ ജന്മിത്വ വ്യവസ്ഥ അതിന്റെ അഹങ്കാരം മുഴുവന്‍ പ്രകടിപ്പിച്ചിരുന്ന സമയമായിരുന്നു അത്. മണ്ണില്‍ പണിയെടുക്കുന്നവന് താന്‍ കൃഷി ചെയ്യുന്ന ഭൂമിയിലോ, കൃഷി ചെയ്തുണ്ടാവുന്ന വിളവിലോ യാതൊരു അവകാശവും ഇല്ല. അവന്റെ അധ്വാനം കാരണമുള്ള ഭീമമായ ലാഭം ഭൂവുടമക്ക് കിട്ടുമ്പോള്‍, അധ്വാനിച്ചവന്‍ തുച്ഛമായ കൂലികൊണ്ട് തൃപ്തിപ്പെടണം. ഇതിനു പുറമേ രാജഭരണം അടിച്ചേല്‍പ്പിക്കുന്ന ഭീമമായ നികുതികളും അവന്‍ വഹിക്കണം, - ഇതായിരുന്നു ഫ്രാന്‍സിലെ ജന്മി-മാടമ്പി വ്യവസ്ഥ. ചുവടെ കാണുന്ന പ്രഭുക്കന്മാരുടെയും, പുരോഹിതന്മാരുടെയും ഭാരം വഹിക്കേണ്ടി വന്ന സാധാരണക്കാരന്റെ കാരിക്കേച്ചര്‍ വളരെ പ്രസിദ്ധമായ ഒന്നാണ്.

രസകരമായ കാര്യം എന്തെന്നാല്‍ ഇതിനൊക്കെ എതിരെയുള്ള ചെറുത്തുനില്‍പ്പ് ഫ്രാന്‍‌സില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഉണ്ടായപ്പോള്‍ നമ്മുടെ രാജ്യത്ത് അതുണ്ടാവാന്‍ ഇരുപതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ്. ഇന്ത്യയില്‍ ജന്മിത്വത്തിന്റെ നട്ടെല്ലൊടിച്ച ആദ്യത്തെ പ്രഹരം കേരളത്തിലെ ഇ.എം.എസ്സ് സര്‍ക്കാര്‍ 1959 ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം ആയിരുന്നു. അതുവരെ നമ്മുടെ നാട്ടിലും ജന്മിത്വം അതിന്റെ എല്ലാ പ്രതാപങ്ങളും കാട്ടിത്തന്നെ വാണിരുന്നു.

നമുക്ക് ഫ്രാന്‍സിലേക്ക് തിരിച്ചുവരാം. നമ്മുടെ നാട്ടില്‍ നിലവില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന വര്‍ണവ്യവസ്ഥ (ജാതിവ്യവസ്ഥ അല്ല) പോലെ ഒരു സംവിധാനം ആയിരുന്നു ഫ്രാന്‍‌സില്‍ നിലനിന്നിരുന്ന എസ്റ്റേറ്റുകള്‍. ഫ്രഞ്ച് ജനതെയെ ആകെ മൂന്ന് എസ്റ്റേറ്റുകളായി തരം തിരിച്ചിരുന്നു. പുരോഹിതന്മാരാണ് ഒന്നാം എസ്റ്റേറ്റ്. പ്രഭുക്കന്മാരാണ് രണ്ടാം എസ്റ്റേറ്റ്. യുദ്ധങ്ങള്‍ നയിക്കുന്ന നാടുവാഴികളും അവരുടെ ചാര്‍ച്ചക്കാരുമാണിവര്‍. ഭൂവുടമസ്ഥതയും ഇവര്‍ക്കുതന്നെ. ഈ രണ്ടു കൂട്ടത്തിലും പെടാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ അടങ്ങുന്നതാണ് മൂന്നാം എസ്റ്റേറ്റ്. എന്തുകൊണ്ടോ നമ്മുടെ വര്‍ണവ്യവസ്ഥയില്‍ ഉണ്ടായിരുന്ന കച്ചവടക്കാര്‍ - 'വൈശ്യന്മാര്‍' എന്ന വിഭാഗം ഫ്രാന്‍സിലെ എസ്റ്റേറ്റ്‌ വ്യവസ്ഥയില്‍ ഉണ്ടായിരുന്നില്ല. വിപ്ലവത്തിന്റെ കടന്നുവരവിനെ ത്വരിതപ്പെടുത്തിയ ഒരു ഘടകം ആണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച വ്യാവസായിക വിപ്ലവം കച്ചവടക്കാരുടെ പക്ഷം ധാരാളം പണം കുമിഞ്ഞുകൂടാന്‍ ഇടയാക്കി. എന്നാല്‍ ഫ്രാന്‍സിലെ വ്യവസ്ഥ അനുസരിച്ച് ഒരു മൂന്നാം എസ്റ്റേറ്റ്‌ കാരന്‍ എത്ര ധനികനായാലും അവന് പ്രഭുക്കന്മാരുടെ കൂട്ടത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവന്‍ മൂന്നാം എസ്റ്റേറ്റുകാരന്‍ ആയി തന്നെ തുടരും. നികുതി ഇളവുകള്‍ ഒന്നും രണ്ടും എസ്റ്റേറ്റുകാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ സമ്പന്നരായിരുന്നിട്ടും അധികാരത്തിന്റെ ആനുകൂല്യം ലഭിക്കാതിരുന്ന വലിയ ഒരു വിഭാഗം ജനങ്ങളുടെ അതൃപ്തിയും സ്വാഭാവികമായും രാജാവിനെതിരെ ഉയര്‍ന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ കൊട്ടാരത്തിലെ ദൈനം ദിന ചിലവുകള്‍ക്ക് പോലും ഖജനാവില്‍ പണമില്ല എന്ന അവസ്ഥ വന്നപ്പോള്‍, ലൂയി പതിനാറാമന്‍ 1789 മേയില്‍ രാജ്യസഭ വിളിച്ചുകൂട്ടി. മൂന്ന് എസ്റ്റേറ്റുകളില്‍ നിന്നും ഉള്ള പ്രതിനിധികള്‍ അടങ്ങുന്നതാണ് രാജ്യസഭ. സമ്മേളനത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മൂന്നാം എസ്റ്റേറ്റുകാര്‍ ശക്തമായ നിലപാടെടുത്തു. അവരുടെ ആവശ്യം വളരെ ലളിതമായിരുന്നു - "ഇനി ഞങ്ങളുടെ അനുവാദമില്ലാതെ ഇവിടെ നികുതികള്‍ ചുമത്താന്‍ പാടില്ല". ഇതിനപ്പുറം രാജാവിനെ സ്ഥാനഭ്രാഷ്ടനാക്കാനോ രാജഭരണത്തെ അട്ടിമറിക്കാനോ അവര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. കാരണം സമ്പന്നരായ കച്ചവടക്കാര്‍ ആയിരുന്നു മൂന്നാം എസ്റ്റേറ്റ്‌ പ്രതിനിധികളില്‍ ഭൂരിപക്ഷവും. വിഷമിപ്പിക്കുന്ന നികുതി നയങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് രാജഭരണം കൊണ്ടുള്ള ഏക ഉപദ്രവം. പക്ഷേ ലൂയി പതിനാറാമന് ഈ ധിക്കാരം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാജ്യസഭയില്‍ നിന്നും അവരെ ഇറക്കിവടാന്‍ അയാള്‍ക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. മൂന്നാം എസ്റ്റേറ്റിന്റെ പ്രതിനിധികളാകട്ടെ പിരിഞ്ഞുപോവാന്‍ ഒട്ട് ഒരുക്കവുമായിരുന്നില്ല. അവര്‍ തൊട്ടടുത്തുണ്ടായിരുന്ന ടെന്നീസ് കോര്‍ട്ടില്‍ യോഗം ചേര്‍ന്നു, ഫ്രാന്‍‌സില്‍ ഒരു ഭരണഘടന രൂപീകരിക്കുന്നതുവരെ പിരിഞ്ഞുപോവില്ല എന്ന് പ്രതിജ്ഞ എടുത്തു.

'ജാക്വസ് ലൂയിസ് ഡേവിഡ്‌' ന്റെ "The Tennis Court Oath" എന്ന പ്രസിദ്ധമായ ചിത്രമാണ് മുകളില്‍. ഇത് രാജാധികാരത്തിന് നേരെയുള്ള വെല്ലുവിളി ആയിട്ടാണ് ലൂയി പതിനാറാമന്‍ കണക്കാക്കിയത്. ടെന്നീസ് കോര്‍ട്ടില്‍ കൂടിയിരിക്കുന്നവര്‍ക്ക് നേരെ നിറയൊഴിക്കാന്‍ അയാള്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന സൈനികര്‍ക്ക് ഉത്തരവ് നല്‍കി. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സുരക്ഷാസൈനികര്‍ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചു. അവിടെ കൂടിയിരിക്കുന്നവര്‍ തങ്ങളുടെ സഹോദരങ്ങളാണന്നും, സ്വന്തം സഹോദരങ്ങള്‍ക്ക്‌ നേരെ വെടിവെക്കില്ല എന്നുമായിരുന്നു അവരുടെ മറുപടി. ഇതോടെ ഭയന്നുപോയ ലൂയി പതിനാറാമന്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചു. എന്നാല്‍ വിനാശകാലത്ത് വിപരീത ബുദ്ധി കൂടാതെ വയ്യല്ലോ, ഒത്തുതീര്‍പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തന്നെ അയാള്‍ സ്വന്തം പ്രജകള്‍ക്ക് നേരെ വെടിവെക്കാന്‍ പുറത്തുനിന്നും സൈനികരെ ഇറക്കുമതി ചെയ്യാനുള്ള ഗൂഡാലോചനകള്‍ക്ക് കോപ്പുകൂട്ടി. നഗരത്തിലേക്ക് സായുധസൈന്യത്തിന്റെ വന്‍ സംഘങ്ങള്‍ നീങ്ങിത്തുടങ്ങി. അധികം താമസിയാതെ തന്നെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാവുകയും, ക്ഷുഭിതരായ ജനങ്ങള്‍ സായുധരായി തെരുവുകളില്‍ ഇറങ്ങുകയും ചെയ്തു. ഇതിന്റെ ബാക്കി ആയിട്ടാണ് ജൂലൈ പതിനാലിന് ജനക്കൂട്ടം ബാസ്റ്റില്‍ കോട്ട ആക്രമിച്ചു തകര്‍ക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തത്. അതൊരു വലിയ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. ഫ്രാന്‍സിലെ ജന്മി-മാടമ്പി വ്യവസ്ഥയുടെയും, രാജഭരണത്തിന്റെയും അന്ത്യം കുറിച്ച വിപ്ലവത്തിന്റെ തുടക്കം. ആ കാലഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും വരെ ആയുധമേന്തി പോരാട്ടത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ നമുക്ക് ലഭ്യമാണ്. ചിത്രങ്ങളില്‍ ചിത്രകാരന്റെ അതിഭാവുകത്വം കലര്‍ന്നിരിക്കാമെങ്കിലും അവയില്‍ യാഥാര്‍ത്യത്തിന്റെ അംശങ്ങള്‍ ഇല്ല എന്ന് പറയാന്‍ നമുക്ക് സാധ്യമല്ലല്ലോ.

1789 മുതല്‍ 1794 വരെയുള്ള അഞ്ചുവര്‍ഷങ്ങള്‍ ഫ്രാന്‍സിലെ തെരുവുകള്‍ ജനക്കൂട്ടത്തിന്റെ പ്രതികാരത്തിന് സാക്ഷ്യം വഹിച്ചു. കൊട്ടാരങ്ങളും പ്രഭു മന്തിരങ്ങളും കൊള്ളയടിക്കപ്പെട്ടു, ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച പ്രഭുക്കന്മാരെ അരുംകൊലചെയ്തു ജനക്കൂട്ടം മുന്നേറി, പലരും ഫ്രാന്‍സ് വിട്ടു മറ്റുരാജ്യങ്ങളില്‍ അഭയം തേടി. മുന്‍പ് ടെന്നീസ് കോര്‍ട്ടില്‍ ഒത്തുചേര്‍ന്ന മൂന്നാം എസ്റ്റേറ്റിന്റെ പ്രതിനിധികള്‍ സ്വയം "National Assembly" ആയി പ്രഖ്യാപിക്കുകയും പ്രഭുക്കന്മാരും പുരോഹിതന്മാരും അതുവരെ അനുഭവിച്ചുവന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും എടുത്തുകളയുകയും ചെയ്തു. അപ്പോഴും, അധികാരങ്ങളെല്ലാം എടുത്തുകളയപ്പെട്ടെങ്കിലും ലൂയി പതിനാറാമന്‍ രാജാവായി തന്നെ തുടര്‍ന്നു.

ഫ്രഞ്ച് വിപ്ലവത്തിന്റെ മഹത്വത്തിനും സാര്‍വജനനീയതക്കും കാരണമായ സംഭവം നടന്നത് 1789 ഓഗസ്റ്റില്‍ ആണ്. വിപ്ലവ വിജയത്തിന്റെ ആവേശത്തില്‍ National Assembly പുറപ്പെടുവിപ്പിച്ച മനുഷ്യാവകാശ പ്രഖ്യാപനം. - "The Deceleration of the Rights of Man"

ആ ചരിത്രപരമായ പ്രഖ്യാപനത്തിന്റെ ഒന്നാമത്തെ ആര്‍ട്ടിക്കിളിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയെയാണ്. - "All men are born and remain free and equal in rights. Social distinctions can be founded only on the common good." ആദ്യത്തെ വാക്യം ഏതാണ്ട് അതേ പോലെ തന്നെ ഐക്യരാഷ്ട്ര സഭയുടെ Universal Deceleration of Human Rights ലും നമ്മള്‍ക്ക് കാണാം. എത്രമാത്രം കരുത്തുറ്റ ഒരു ആശയമാണ് അത് എന്ന് നൂറ്റാണ്ടുകളെ അതിജീവിച്ചുള്ള അതിന്റെ നിലനില്‍പ്പ്‌ നമ്മളെ ബോധ്യപ്പെടുത്തെണ്ടതാണ്. തുടര്‍ന്ന് വരുന്ന പതിനാറോളം ആര്‍ട്ടിക്കിളുകള്‍ മനുഷ്യാവകാശങ്ങളുടെ ഒരു പട്ടികയാണ്. ഒരു രാജാവിനും നിഷേധിക്കാന്‍ കഴിയാത്ത അവകാശങ്ങളുടെ പട്ടിക. ഇതായിരുന്നു ഫ്രെഞ്ച് വിപ്ലവത്തിന്റെ ഏറ്റവും വലിയ സംഭാവന. അത് ഫ്രാന്‍സിലെ മാത്രമല്ല ലോകത്തുള്ള എല്ലാ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്താനുള്ള ഊര്‍ജ്ജവും ആവേശവും നല്‍കി. പ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ലൂയി പതിനാറാമന്‍ വിസമ്മതിച്ചപ്പോള്‍ സ്ത്രീകളുടെ ഒരു പട കൊട്ടാരത്തിലേക്ക് ഇരച്ചുകയറുകയും രാജാവിനെ കൊണ്ട് ബലമായി പ്രഖ്യാപനത്തില്‍ ഒപ്പിടുവിക്കുകയും ചെയ്തു അത്രെ. തുടര്‍ന്ന് വിപ്ലവ ഭരണകൂടം ഫ്രാന്‍സിന് ഒരു ഭരണഘടന എഴുതി ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു.

1791 ജൂണില്‍ തന്റെ കൊട്ടാരത്തില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന രാജാവ് രക്ഷപെടാനുള്ള ഒരു അവസാന ശ്രമം നടത്തി. വേഷപ്രച്ഛന്നരായി അതിര്‍ത്തി വരെ എത്തിയ രാജാവിനെയും രാജ്ഞിയേയും അവിടെയുണ്ടായിരുന്ന ചില കര്‍ഷകര്‍ തിരിച്ചറിയുകയും, പിടികൂടി പാരീസിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. ഇത് ജനങ്ങള്‍ക്ക് രാജാവിലുണ്ടായിരുന്ന അവസാന വിശ്വാസവും നഷ്ടപ്പെടുവാന്‍ ഇടയാക്കി. അതുകൊണ്ടുതന്നെ 1792 ല്‍ ഓസ്ട്രിയയും, പ്രഷ്യയും ചേര്‍ന്നു ഫ്രാന്‍സിന്റെ അതിര്‍ത്തി ആക്രമിച്ചപ്പോള്‍ ജനങ്ങള്‍ സംശയിച്ചത് ഇത് വിപ്ലവത്തെ അട്ടിമറിക്കാനുള്ള രാജാവിന്റെ ചതിപ്രയോഗം ആണെന്നാണ്‌.

അപ്പോഴേക്കും പൊതുജനങ്ങള്‍ക്ക് വിപ്ലവഭരണകൂടത്തില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. സമ്പന്ന വ്യാപാരികള്‍ക്കു ഭൂരിപക്ഷമുള്ള വിപ്ലവ ഭരണകൂടം രാജാവിന്റെ കുഴലൂത്തുകാര്‍ ആയി മാറുന്നു എന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നു വന്നു. ഈ പ്രതിസന്ധിയിലാണ് 'പാരീസ് വിപ്ലവ കമ്മ്യൂണ്‍' എന്ന രാഷ്ട്രീയ കക്ഷി പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലേക്ക് വരുന്നത്. രാജാവിനെതിരെ യുദ്ധം പ്രഖ്യാപിച്ച അവര്‍ അതിന്റെ പ്രതീകമായി നഗരത്തില്‍ ചുവന്ന കൊടി ഉയര്‍ത്തുകയും രാജകൊട്ടാരം ആക്രമിക്കുകയും ചെയ്തു. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മറ്റും പ്രതീകമായി നമ്മള്‍ ഇന്ന് കാണുന്ന ചുവന്ന കൊടി ചരിത്രത്തില്‍ ആദ്യമായി കടന്നുവരുന്നത്‌ അവിടെയായിരുന്നു

കൊട്ടാരം ആക്രമച്ച വിപ്ലവകാരികള്‍ക്ക് നേരെ രാജാവിന്റെ അംഗരക്ഷകര്‍ നിറയോഴിച്ചു. ഇത് ലൂയി പതിനാറാമന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയി മാറുകയാണുണ്ടായത്. രാജാവിനോടൊപ്പം സംശയം തോന്നിയ എല്ലാവരെയും പിടിച്ചു കല്‍ത്തുറുങ്കില്‍ അടച്ച വിപ്ലവകാരികള്‍ ഒരു മാസത്തിനു ശേഷം ജനകീയ വിചാരണകള്‍ നടത്തി ഓരോരുത്തരെയായി ഗില്ലറ്റിന്‍ ചെയ്‌തു. അവസാനമായി 1793 ജനുവരിയില്‍ ലൂയി പതിനാറാമനും ഗില്ലറ്റിന്‍ ചെയ്യപ്പെട്ടു. ഇതിനിടയില്‍ പ്രഷ്യയുടെയും ഓസ്ട്രിയുടെയും സംയുക്ത സൈന്യത്തെ തുരത്തിയ വിപ്ലവ സൈന്യം ഫ്രഞ്ച് വിപ്ലവത്തിന്റെ ആയുസ്സ് താത്കാലികമായി നീട്ടിയെടുത്തിരുന്നു.

ലൂയി പതിനാറാമന്റെ ശിരച്ഛേദം ആണ് മുകളിലെ ചിത്രത്തില്‍. ഈ സംഭവം ആ കാലത്ത് യൂറോപ്പിലെ എല്ലാ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ഭയപ്പെടുത്തുകയുണ്ടായി. വിപ്ലവത്തിന്റെ തീപ്പൊരി നേതാവായിരുന്ന 'ജോര്‍ജെസ് ഡാന്‍ടന്‍' അവിടെ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞത് - "ഇനി യൂറോപ്പിലെ രാജാക്കന്മാര്‍ നമ്മള്‍ക്കെതിരെ വരും, കാരണം നമ്മള്‍ അവര്‍ക്കു മുന്നിലേക്ക് ഇതാ ഒരു രാജാവിന്റെ തന്നെ തല എറിഞ്ഞുകൊടുക്കുന്നു ", എന്നാണ്. ഒരു വര്‍ഷത്തിനു ശേഷം 1794 ഏപ്രിലില്‍ വിപ്ലവ ഭരണകൂടം ഡാന്‍ടനെയും ഗില്ലറ്റിന്‍ ചെയ്തു എന്നത് ചരിത്രം നമ്മള്‍ക്ക് മുന്‍പില്‍ വെക്കുന്ന ചില ക്രൂരമായ എന്നാല്‍ ചിന്തിപ്പിക്കുന്ന തമാശകളില്‍ ഒന്നാണ്.

ലൂയി പതിനാറാമന്റെ ശിരച്ഛേദത്തോടെ ഫ്രാന്‍സ് ജനായത്ത രാജ്യമായി ('republic') പ്രഖ്യാപിക്കപ്പെട്ടു. ഡാന്ടന്റെ വാക്കുകള്‍ സത്യമായി. രാജഭരണത്തിന്‍ കീഴിലായിരുന്ന യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ എല്ലാം ഫ്രാന്‍സിനെതിരെ തിരിഞ്ഞു. എന്നാല്‍ വിപ്ലവം ജനങ്ങള്‍ക്ക്‌ നല്‍കിയ ആവേശം ചെറുതായിരുന്നില്ല. അവര്‍ യൂറോപ്പിലെ അടിസ്ഥാന വര്‍ഗങ്ങളോടെല്ലാം തങ്ങളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയാന്‍ ആവിശ്യപ്പെടുന്ന കവിതകളുമായി തെരുവിലിറങ്ങി. സ്വാന്ത്ര്യം സമത്വം സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഫ്രാന്‍സിലെ തെരുവീധികളെ ശബ്ദമുഖിരിതമാക്കി. വിപ്ലവഗാനങ്ങള്‍ നഗരങ്ങളെ പ്രകമ്പനം കൊള്ളിച്ചു. വിപ്ലവം തങ്ങളുടെ രാജ്യങ്ങളിലേക്കും പടരുമോ എന്ന് എല്ലാ രാജാക്കന്മാരും ഭയപ്പെട്ടു. അവര്‍ കൂട്ടമായി ഫ്രാന്‍സിനെതിരെ പടനീക്കം നടത്തി. എന്നാല്‍ വിപ്ലവ മൂല്യങ്ങളുടെ ആവശേത്തില്‍ ആയിരുന്ന ഫ്രാന്‍സിലെ ജനത മുഴുവന്‍ യൂറോപ്പിന്റെയും മോചനത്തിനായി തങ്ങള്‍ ആയുധം എടുക്കുന്നു എന്നു പറഞ്ഞുകൊണ്ട് സംയുക്ത സൈന്യത്തെ നേരിട്ടു. മതിയായ ഭക്ഷണമോ, വസ്ത്രമോ വെടിക്കോപ്പുകളോ ഇല്ലാതെയിരുന്ന ഫ്രഞ്ച് വിപ്ലവസൈന്യം യൂറോപ്പിന്റെ സംയുക്ത സൈനിക ശക്തിയെ ധീരമായി തന്നെ ചെറുത്തുനിന്നു, എന്ന് മാത്രമല്ല, ഇന്നത്തെ ദക്ഷിണ നെതര്‍ലാണ്ട് അടങ്ങുന്ന ഭൂവിഭാഗത്തെ ഓസ്ട്രിയന്‍ സാമ്രാജ്യത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. പക്ഷെ, യുദ്ധം മുറുകിയപ്പോള്‍ ബ്രിട്ടീഷ്‌ നാവിക ബലത്തോട് എതിര്‍ത്തു നില്‍ക്കാന്‍ ഉള്ള ശേഷി ഫ്രാന്സിനുണ്ടായില്ല. ബ്രിട്ടന്റെ നാവിക ഉപരോധം ഫ്രാന്‍സിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. അങ്ങനെ അയല്‍ക്കാരുമായി ഉണ്ടായ യുദ്ധങ്ങള്‍ വിപ്ലവത്തിന്റെ ഊര്‍ജ്ജത്തെ വഴിതിരിച്ചുവിട്ടു. ഫലത്തില്‍ ഈ യുദ്ധങ്ങള്‍ വിപ്ലവത്തിന്റെ ശവക്കുഴി തോണ്ടുകയും ചെയ്തു.

ഇതിനിടയില്‍ വിപ്ലവ ഭരണകൂടത്തില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും, അധികാര വടംവലികള്‍ക്കു തുടക്കമാവുകയും ചെയ്തിരുന്നു. ഈ മത്സരത്തില്‍ വിജയിച്ച ജാക്കോബിയന്മാര്‍ എന്നറിയപ്പെട്ടിരുന്ന തീവ്ര ജനാധിപത്യ വാദികള്‍ മറ്റു ആശയക്കാരെ ഒക്കെ ഭരണനിര്‍വഹണത്തില്‍ നിന്ന് പുറത്താക്കി ഭരണകൂടത്തെ പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കി. ജാക്കോബിയന്മാര്‍ ആദ്യം ചെയ്തത് പ്രഭുക്കന്മാരുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടുകയും അവ പൊതുസ്വത്തായി പ്രഖ്യാപിക്കുകയുമായിരുന്നു. 1793 ല്‍ ആയിരുന്നു ഇത്. പക്ഷെ തുടര്‍ന്ന് ചരിത്രത്തില്‍ നമ്മള്‍ കാണുന്നത് ജാക്കോബിയന്‍ ഭരണകൂടത്തിന്റെ കിരാത വാഴ്ചയാണ്. വിദേശ ചാരന്മാര്‍ എന്ന് മുദ്രകുത്തി ആയിരക്കണക്കിനാളുകള്‍ കൊലചെയ്യപ്പെട്ടു. എല്ലാ ദിവസവും പാരീസിലെ തെരുവുകളില്‍ ഗില്ലറ്റിനുകള്‍ ചോരയണിഞ്ഞു. ആരും ഏതുസമയവും എവിടെവെച്ചും അറസ്റ്റ് ചെയ്യപ്പെടാം എന്ന സ്ഥിതിയായി. ജനങ്ങള്‍ ചുമരുകളെ പോലും ഭയപ്പെട്ടു. ഭരണകൂടം ജനങ്ങളില്‍ നിന്നകന്നു. - അങ്ങനെ ജനകീയ വിപ്ലവത്തിന്റെ അന്ത്യം ആരംഭിച്ചു.

ഈ അവസരത്തില്‍ ആണ് ആധുനിക ലോകം കണ്ട ധീരരായ ഏകാധിപതികളില്‍ ഒരാളുടെ ഉദയം. - നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്.

ജാക്വസ് ലൂയിസ് ഡേവിഡ് വരച്ച നെപ്പോളിയന്റെ പ്രസിദ്ധമായ ചിത്രമാണ് മുകളില്‍

ആഭ്യന്തിരമായി ദ്രുതഗതിയില്‍ ഉള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുമ്പോഴും, അനവധിയായ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും ഫ്രാന്‍സിന്റെ വിപ്ലവ സൈന്യം വിദേശ മണ്ണില്‍ പല വിജയങ്ങളും നേടുന്നുണ്ടായിരുന്നു. ആ വിപ്ലവസൈന്യത്തിലെ ഒരു യുവ സൈന്യാധിപന്‍ ആയിരുന്നു നെപ്പോളിയന്‍. 1795 ഒക്ടോബര്‍ 5 ന് ഇദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ ഉള്ള സൈന്യം പാരീസില്‍ വിപ്ലവ ഭരണകൂടത്തിന് എതിരെ നടന്ന ഒരു പ്രതിഷേധ യോഗത്തിന് നേരെ വെടി വെക്കുകയും പ്രതിഷേധം അടിച്ചമര്‍ത്തുകയും ഉണ്ടായി. അതോടുകൂടി വിപ്ലവസൈന്യത്തെ കൊണ്ട് സ്വന്തം ജനങ്ങള്‍ക്ക്‌ നേരെ നിറയൊഴിപ്പിച്ച നെപ്പോളിയന്‍ എന്ന സൈന്യാധിപന്‍ എല്ലാവരാലും ഭയപ്പെടുന്ന ഒരു നേതാവായി ഉയരാന്‍ തുടങ്ങി. 1799 ല്‍ പൊതുജന പിന്തുണ നഷ്ടപ്പെട്ട വിപ്ലവ ഭരണകൂടത്തിനെ സൈന്യത്തിന്റെ പിന്തുണയോടെ ബലമായി പിരിച്ചുവിട്ട് അയാള്‍ അധികാരം പിടിച്ചെടുക്കുന്നതോടുകൂടി മഹത്തായ ഫ്രഞ്ച് വിപ്ലവത്തിനും തിരശ്ശീല വീണു.

അങ്ങനെ വിപ്ലവം അവസാനിച്ചു. എന്നാല്‍ അത് പ്രയോഗത്തില്‍ കൊണ്ടുവന്ന ജനാധിപത്യം എന്ന ആശയം, സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്ന മുദ്രാവാക്യങ്ങള്‍, ഇവയെല്ലാം ലോകം മുഴുവന്‍ പടര്‍ന്നു. സാമ്രാജ്യങ്ങളുടെയും ചക്രവര്‍ത്തിമാരുടെയും പതനത്തിന്റെ തുടക്കം എന്ന നിലയിലും ആധുനിക ജനാധിപത്യത്തിന്റെ ആരംഭം എന്ന നിലയിലും ഫ്രെഞ്ച് വിപ്ലവം ഇന്നും എന്നും ചരിത്രത്തില്‍ തലയുയര്‍ത്തി തന്നെ നിലനില്‍ക്കും.

Arjun

Please feel free to leave your comments and suggestions...

  • instagram
  • x-twitter
  • linkedin
  • github
  • researchgate
  • google-scholar

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Maybe You are Interested in

Time!!
  • November 30, 2021
  • 6min read